മുഖ ചിത്രത്തിനെതിരെ കേസ്

കൊല്ലം :ഗൃഹലക്ഷ്മിയുടെ വിവാദ കവര്‍ ചിത്രത്തിനെതിരെ കേസ്. കൊല്ലം സ്വദേശിയായ അഡ്വ.വിനോദ് മാത്യു വില്‍സണാണ് കേസ് നല്‍കിയിരിക്കുന്നത്. കൊല്ലത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ്.

കവര്‍ ചിത്രത്തിലൂടെ ഗൃഹലക്ഷ്മി സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്നാണ് ഇദ്ദേഹം ഉന്നയിക്കുന്ന പരാതി. കേസ് ഫയലില്‍ സ്വീകരിച്ച കോടതി മൊഴി എടുക്കുന്നതിലേക്കായി 16 ലേക്ക് മാറ്റി.

മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ പി വി ഗംഗാധരനാണ് ഒന്നാം പ്രതി. പി വി ചന്ദ്രന്‍, എംപി ഗോപിനാഥ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. കുറ്റം തെളിഞ്ഞാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പരാതിയില്‍ ചേര്‍ത്തിരിക്കുന്നത്.

നേരത്തെ മുഖചിത്രത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനിലും ബാലാവകാശ കമ്മീഷണിലും പരാതി ലഭിച്ചിരുന്നു. ജിയാസ് ജമാല്‍ എന്ന വ്യക്തിയായിരുന്നു പരാതി നല്‍കിയിരുന്നത്.

ഗൃഹലക്ഷ്മി എഡിറ്റര്‍, ചിത്രത്തിലെ മോഡല്‍ ജിലു ജോസഫ്, കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയിരുന്നത്.

വനിതാ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പതിപ്പിലാണ് ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം’ എന്ന പേരില്‍ വിവാദ കവര്‍ ചിത്രം അടങ്ങിയ മാഗസിന്‍ പ്രസിദ്ധീകരിച്ചത്. ചിത്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിലടക്കം നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്കും ഈ ചിത്രം വഴിവെച്ചിരുന്നു. നിരവധി ട്രോളുകളും വിവാദ ചിത്രത്തിനെതിരെ പുറത്ത് വന്നിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here