മീന്‍തല കഴിക്കുന്ന പൂച്ചകള്‍ ചാകുന്നു

മൂലമറ്റം : മീന്‍തല കഴിച്ച പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇടുക്കിയില്‍ അറക്കുളത്തും കുഞ്ചിത്തണ്ണിയിലുമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിഴുക്കപ്പാറ ഷാജിയെന്നയാളുടെ 16 പൂച്ചകളില്‍ എട്ടെണ്ണം ചത്തു.

ശേഷിക്കുന്നവ എപ്പോള്‍ വേണമെങ്കിലും ചാകാമെന്ന രീതിയില്‍ രോഗാവസ്ഥയിലാണ്. അയല്‍വാസിയായ ആലിന്‍ചുവട് സുരേന്ദ്രന്റെ പൂച്ചയും ചത്തിട്ടുണ്ട്. കുഞ്ചിത്തണ്ണിയില്‍ 28 പൂച്ചകളാണ് മീന്‍തല തിന്ന് ചത്തത്.

മീനുകളിലൂടെ രാസവസ്തുക്കള്‍ അകത്ത് പോയതാകാം ഇവ ചാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കേടാകാതിരിക്കാന്‍ മീനുകളില്‍ വന്‍ തോതില്‍ രാസവസ്തുക്കള്‍ പ്രയോഗിച്ചിട്ടുണ്ടാകാമെന്ന് സംശയിക്കപ്പെടുന്നുണ്ട്.

ഷാജി കഴിഞ്ഞ ഞായറാഴ്ച മീന്‍കാരനില്‍ നിന്ന് അയലയും മത്തിയും വാങ്ങിയിരുന്നു. ഇതിന്റ തലകള്‍ കഴിച്ച പൂച്ചകള്‍ ഒന്നൊന്നായി മയങ്ങി വീഴാന്‍ തുടങ്ങി. തുടര്‍ന്ന് ജീവനറ്റ് പോകുകയുമായിരുന്നു.

ചത്തവയെ ഉടമസ്ഥര്‍ കുഴിച്ചിട്ടതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സാധ്യതയില്ലാതാവുകയും ചെയ്തു. ആന്തരികാവയവങ്ങള്‍ കാക്കനാട് കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയാലേ മരണകാരണം വ്യക്തമാവുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here