മൃതദേഹവുമായി ബസ് ഓടിയത് 70 കിലോമീറ്റര്‍

ബംഗളൂരു: അടിയില്‍ മൃതദേഹം കുടുങ്ങിയതറിയാതെ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി) ബസ് ഓടിയത് 70 കിലോമീറ്റര്‍. സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കര്‍ണാടക കോര്‍പ്പറേഷന്റെ നോണ്‍ എസി ലോഫ് ളോര്‍ ബസാണ് അടിയില്‍ മൃതദേഹം കുടങ്ങിയതറിയാതെ കിലോമീറ്ററോളം ഓടിയത്. മൈസൂരില്‍ നിന്ന് മാണ്ഡ്യ ചന്നപ്പട്ടണം വഴി ബംഗളൂരുവിലേക്ക് പോകുന്ന ബസിലാണ് മൃതദേഹം കുടുങ്ങിയത്.

മൊഹിനുദ്ദീന്‍ എന്ന ഡ്രൈവറാണ് ബസ് ഓടിച്ചിരുന്നത്. ബസ് ചന്നപ്പട്ടണത്തെത്തിയപ്പോള്‍ വലിയ ശബ്ദം കേട്ടിരുന്നതായി ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ കല്ലോ മറ്റോ തട്ടിയതാകാം എന്നുകരുതി ബസ് നിര്‍ത്തിയില്ല.

റിയര്‍ വ്യു മിററിലൂടെ നോക്കിയപ്പോള്‍ ഒന്നും കണ്ടില്ലെന്നും അതിനാലാണ് യാത്ര തുടര്‍ന്നതെന്നും ഡ്രൈവര്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ 2.35ഓടെ ബസ് ബംഗളൂരുവിലെത്തി.

ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ഉറങ്ങാന്‍ പോയി. പിന്നീട് രാവിലെ എട്ടുമണിയോടെ ബസ് കഴുകാന്‍ ആളെത്തിയപ്പോഴാണ് അടിയില്‍ മൃതദേഹം കണ്ടത്. 30നും 40നും ഇടയില്‍ പ്രായമുള്ളയാളുടേതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു.

ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇത്രയും ദൂരം സഞ്ചരിച്ചിട്ടും ബസിനടിയില്‍ ശരീരം കുടുങ്ങിയ കാര്യം ഡ്രൈവര്‍ അറിഞ്ഞില്ലെന്നത് അത്ഭുതമാണെന്ന് കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം ബംഗളൂരു മെസൂരു റൂട്ടില്‍ നിരവധി സ്പീഡ് ബ്രേക്കറുകള്‍ ഉള്ളതാണെന്നും, സാധാരണഗതിയില്‍ ബസിനടിയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ ബ്രേക്കറുകളില്‍ തട്ടി വീഴേണ്ടതാണെങ്കിലും ഇവിടെ അത് സംഭവിക്കാത്തത് അത്ഭുതമാണെന്നാണ് മറ്റ് ഡ്രൈവര്‍മാരുടെ ഭാഷ്യം.

രാത്രി ഡ്രൈവര്‍മാര്‍ പാതിമയക്കത്തിലാണ് വാഹനം ഓടിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ആളെ ഇടിച്ചുവീഴ്ത്തിയത് പോലും അറിയാതെ ബസ് ഓടിച്ചത് മയക്കത്തിലാണെന്നാണ് പതിവ് രാത്രി ബസ് യാത്രക്കാരുടെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here