അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ

കൊച്ചി :ഷുഹൈബ് വധക്കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ. കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ കോടതി വാദം കേള്‍ക്കവെയാണ് സിബിഐ അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കോടതി പറഞ്ഞാല്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണ്. എന്നാല്‍ കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പരിശോധിക്കാന്‍ നിയമ തടസ്സങ്ങളുണ്ട് .അതുകൊണ്ട് തന്നെ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയില്ലെന്നും സിബിഐ അഭിഭാഷകന്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കോടതി ഉയര്‍ത്തിയത്. പൊലീസിന്റെ കേസ് അന്വേഷണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി കേരള പൊലീസ് കേസില്‍ ഇനി ഒന്നു ചെയ്യേണ്ടതില്ലെന്നു പറഞ്ഞു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഗൂഢാലോചന പുറത്ത് വരാറില്ലെന്നും അന്വേഷണം സിബിഐക്ക് വിടാനുള്ള അധികാരം കോടതിക്കുണ്ടെന്നും ചൂണ്ടിക്കാട്ടി. പ്രതികളുടെ സാന്നിദ്ധ്യമില്ലാതെ കേസിലെ ആയുധങ്ങള്‍ കണ്ടെത്തിയത് ഒത്തുക്കളി വ്യക്തമാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി.

ഷുഹൈബ് വധത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രസംഗിച്ച് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് കേസില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് അവര്‍ത്തിച്ച മുഖ്യമന്ത്രി പൊലീസ് അന്വേഷണം ശരിയായ വിധത്തിലാണെന്നും വ്യക്തമാക്കി.
രാഷ്ട്രീയ കുറ്റകൃത്യങ്ങള്‍ തടയുവാന്‍ പുതിയ നിയമനിര്‍മ്മാണം കൊണ്ടു വരുന്ന കാര്യം പരിഗണനയിലാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here