ഡല്‍ഹി :കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. പീഡനത്തിന് ഇരയായി എട്ട് വയസ്സുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ഒരു പൊതു താല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം അറിയിച്ചത്.
ഇതിനായി നിലവിലെ പോക്സോ നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ ആഗ്രഹിക്കുന്നതായും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കുട്ടികളെ ലൈംഗിക
ചൂഷണത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നും സംരക്ഷിക്കാനായാണ് പോക്സോ നിയമം നിലവില്‍ വന്നിരിക്കുന്നത്.
ഇതില്‍ ചില ഭേദഗതികള്‍ വരുത്തി 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികള്‍ക്കെതിരെ വധശിക്ഷ ചുമത്താനാണ് കേന്ദ്രം ആലോചിക്കുന്നത്. ഏപ്രില്‍ 27 ന് കോടതി ഈ ഹര്‍ജി വീണ്ടും പരിഗണിക്കും. നേരത്തെ വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയും ഈ ഭേദഗതിയെ കുറിച്ചുള്ള സൂചനകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ നല്‍കിയിരുന്നു.
12 വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ വധശിക്ഷ ചുമത്തുന്ന കാര്യം ഉന്നത തലത്തില്‍ ചര്‍ച്ച ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു മനേകാ
ഗാന്ധിയുടെ പ്രസ്താവന. കത്വാ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു നില്‍ക്കുന്നതിനിടയിലായിരുന്നു മന്ത്രിയുടെ വാക്കുകള്‍.