ഹജ് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി; തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്

ന്യൂഡല്‍ഹി: ഹജ് തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടി. ഹജ് സബ്‌സിഡി നിര്‍ത്തലാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 700 കോടിയോളം രൂപയുടെ സബ്‌സിഡിയാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. പകരം ഈ പണം മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ചില ഏജന്‍സികള്‍ക്കു മാത്രമാണ് സബ്‌സിഡി ഗുണം ചെയ്തതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. കപ്പലിലും ഹജിനു പോകാന്‍ സൗകര്യം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. 2022 ഓടെ ഹജ് സബ്‌സിഡി അവസാനിപ്പിക്കണമെന്ന് 2012 ല്‍ സുപ്രീം കോടതി ഉത്തവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. 2017 ലെ ഹജ് നയത്തില്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. വിമാനയാത്രയ്ക്കും മറ്റുമുള്ള ചിലവുകള്‍ക്കാണ് പ്രധാനമായും സബ്‌സിഡി നല്‍കിവന്നിരുന്നത്. ചെറുപട്ടണങ്ങളിലെ തീര്‍ഥാടകരുടെ അസൗകര്യങ്ങള്‍ പരിഗണിച്ച് ഇത് ഘട്ടം ഘട്ടമായി മാത്രമേ നിര്‍ത്തലാക്കാവു എന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നുവെങ്കിലും ഒറ്റയടിക്ക് തന്നെ സബ്‌സിഡി നിര്‍ത്തലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം, 1.70 ലക്ഷം തീര്‍ഥാടകരെ തീരുമാനം ബാധിക്കും. കേരളത്തില്‍നിന്ന് പ്രതിവര്‍ഷം 10,981 പേരാണ് ഹജിനു പോയിരുന്നത്. മക്കയിലേക്ക് ഇന്ത്യയിലെ പുറപ്പെടല്‍ കേന്ദ്രത്തില്‍നിന്നുള്ള വിമാനക്കൂലിക്കാണ് സബ്‌സിഡി ലഭിക്കുന്നത്. കപ്പല്‍യാത്രയെക്കാള്‍ വിമാനയാത്രയ്ക്കു വരുന്ന അധിക ചെലവിനുള്ള സര്‍ക്കാര്‍ സഹായം എന്ന നിലയില്‍ 1974ല്‍ ഇന്ദിരാഗാന്ധിയാണ് സബ്‌സിഡിക്ക് തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം 450 കോടിയോളം രൂപയാണ് ഹജ് സബ്‌സിഡിക്കായി കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചത്. ഈ വര്‍ഷം 1.75 ലക്ഷം പേര്‍ക്ക് ഹജ് കര്‍മം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here