കൊല്ലം : ബൈക്കപകടത്തില്‍ യുവാവും ഭാര്യയും മകനും കൊല്ലപ്പെട്ടു. മറ്റൊരു മകന് പരിക്കുകളോടെ രക്ഷപ്പെട്ടു. ചാത്തന്നൂരിലാണ് സംഭവം.ഏറ കൊല്ലന്റയ്യത്തുവീട്ടില്‍ ഷിബു, (40) ഭാര്യ സിജി (34) മകന് ആദിത്യന് (11) എന്നിവരാണ് മരിച്ചത്. 7 വയസ്സുകാരനായ ആദിഷ് പരിക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഷിബു വെള്ളിയാഴ്ച രാവിലെയാണ് ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. ഉച്ചയോടെ കുടുബവുമൊത്ത് ബൈക്കില്‍ ആദിച്ചനല്ലൂരിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു.
സ്കൂളില്‍ നിന്ന് ആദിത്യനെയും കൂട്ടിയായിരുന്നു യാത്ര. എന്നാല്‍ ചാത്തന്നൂര്‍ തിരുമുക്കിന് സമീപത്ത് വെച്ച് ബൈക്ക് മറിയുകയും ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായുമായിരുന്നു.
അമിത വേഗത്തില്‍ വന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നത് കണ്ടതോടെ ഇവര്‍ക്ക് മുന്നിലുണ്ടായിരുന്ന കാര്‍ പെട്ടൈന്ന് നിര്‍ത്തി. ഇതിന് പിന്നാലെ വന്ന ഷിബു ബൈക്ക് പൊടുന്നനെ നിര്‍ത്തി. പക്ഷേ ഇതോടെ വാഹനം മറിഞ്ഞ് നാലുപേരും റോഡിലേക്ക് വീണു.
ഈ സമയം കുതിച്ചെത്തിയ ബസ് ഷിബു, സിജി, ആദിത്യന് എന്നിവരുടെ ശരീരത്തിലൂടെ
കയറിയിറങ്ങി. 7 വയസ്സുകാരന് ആദിഷ് മറുവശത്തേക്ക് തെറിച്ചുവീണിരുന്നതിനാല് രക്ഷപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മറ്റ് മൂന്ന് പേരെയും രക്ഷിക്കാനായില്ല.