യുവാവ് നടുറോഡില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ചെന്നൈ :പൊലീസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് യുവാവ് നടുറോഡില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ചെന്നൈയിലെ ഐടി കൊറിഡോര്‍ റോഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മണികണ്ഠന്‍ എന്ന 21 വയസ്സുകാരനായ കാര്‍ ഡ്രൈവറാണ് നടു റോഡില്‍ പെട്രോള്‍ ശരീരത്തിലൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യുവാവിന്റെ ശരീരത്തില്‍ 59 ശതമാനത്തോളം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ ജീവന്‍ വീണ്ടെടുക്കാനുള്ള തീവ്ര പ്രയത്‌നത്തിലാണ് മെഡിക്കല്‍ സംഘം. ഐടി കൊറിഡോര്‍ റോഡില്‍ കൂടി മണികണ്ഠന്‍ കാര്‍ ഓടിച്ച് പോകവെ ഒരു എസ് ഐ തടഞ്ഞ് നിര്‍ത്തി സീറ്റ് ബെല്‍റ്റ് ശരീയാം വണ്ണം ധരിക്കാത്തത് കണ്ട് ഫൈന്‍ ഈടാക്കിയിരുന്നു.ഇതിന് ശേഷവും പൊലീസുകാരന്‍ യുവാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ജാതിപ്പേര് വിളിച്ച് പൊതുജനം നോക്കി നില്‍ക്കെ അപമാനിക്കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ലൈസന്‍സ് പിടിച്ച് വെക്കുകയും ചെയ്തു.അപമാനിതനായ മണികണ്ഠന്‍ തന്റെ  അവസ്ഥ വിവരിച്ച് പൊലീസുകാരനെതിരെ മൊബൈലില്‍ വീഡിയോ തയ്യാറാക്കുകയും അത് വാട്ട്‌സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കാറില്‍ നിന്നും പെട്രോള്‍ നിറച്ച കന്നാസ് എടുത്ത് ശരീരത്തില്‍ ഒഴിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here