ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താനിടയായ ചെക്ക് കേസ് ഒത്തുതീര്‍ന്നു. ജാസ് ടൂറിസം കമ്പനി ഉടമ, ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്ക് നല്‍കാനുള്ള 1.72 കോടി കൊടുത്തതോടെയാണ് കേസ് തീര്‍പ്പായത്.

കേസിനെ തുടര്‍ന്ന് ബിനോയിക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ വിഷയം സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ വിവാദമാവുകയും ചെയ്തു. അതേസമയം കേസ് തീര്‍പ്പായതോടെ ബിനോയിക്ക് അനുകൂലമായി പ്രതികരിച്ച് മര്‍സൂഖി രംഗത്തെത്തുകയും ചെയ്തു.

ചെക്ക് കേസുകള്‍ ദുബായില്‍ സാധാരണമാണെന്നായിരുന്നു പ്രതികരണം. ബിനോയ് നല്‍കാനുള്ള 1.72 കോടി നല്‍കാമെന്ന് ചില വ്യവസായികള്‍ മര്‍സൂഖിയെ സന്നദ്ധതയറിയിച്ചിരുന്നു.കാസര്‍കോട് സ്വദേശിയായ വ്യവസായിയാണ് പണം നല്‍കിയതെന്നാണ് സൂചന. 30 ലക്ഷം ദിര്‍ഹമാണ് അതായത് അഞ്ചരക്കോടി രൂപയാണ് ജാസ് ടൂറിസം കമ്പനി 2013 ല്‍ ബിനോയിക്ക് നല്‍കിയെന്ന് പറയപ്പെടുന്നത്.

ഇതില്‍ 1.72 കോടിയുടെ കേസാണ് യാത്രാവിലക്കിന് കാരണമായത്. ബാക്കി തുകയ്ക്ക് കൂടി ബിനോയ് നിയമനടപടി നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ജാസ് ടൂറിസം കമ്പനിയുടെ 51 ശതമാനം ഓഹരി ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്കും 49 ശതമാനം മലയാളിയായ രാഖുല്‍ കൃഷ്ണയ്ക്കുമാണ്.

രാഖുല്‍ കമ്പനിയുടെ പേരില്‍ വായ്പയെടുത്താണ് ബിനോയിക്ക് നല്‍കിയത്. എന്നാല്‍ പണം തിരികെ കിട്ടാതെ വന്നതോടെ കാര്യങ്ങള്‍ ഏറ്റെടുത്ത് മര്‍സൂഖി നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു. പലിശയടക്കം 13 കോടി ബിനോയ് തിരിച്ചുനല്‍കാനുണ്ടെന്നാണ് കമ്പനിയുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here