ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ശുദ്ധീകരിച്ചു

റായ്പൂര്‍: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളില്‍ പകുതിയും കേസ് കൊടുക്കുകയോ വിവരം പുറത്തു പറയുകയോ ചെയ്യാത്തതിന്റെ പ്രധാന കാരണം സമൂഹത്തിന്റെ കാഴ്ചപ്പാട് ഇപ്പോഴും മാറാത്തത് കൊണ്ട് തന്നെയാണ്.

ഇത് ശരിവെക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബലാത്സംഗത്തിന് ഇരയായ 13 വയസുകാരിയുടെ മുടി ശുദ്ധീകരണ ആചാരങ്ങളുടെ ഭാഗമായി മുറിച്ചു മാറ്റി. ഛത്തീസ്ഗഢിലെ കവാര്‍ധ ജില്ലയിലാണ് ആചാരത്തിന്റെ പേരില്‍ പെണ്‍കുട്ടിയോട് ക്രൂരത ചെയ്തത്.

കഴിഞ്ഞ ജനുവരി 21നാണ് പെണ്‍കുട്ടി മാനഭംഗത്തിനിരയായത്.
കെട്ടിടനിര്‍മാണത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ബാലിക ജോലിസ്ഥലത്തേക്കു പോകുമ്പോള്‍ അര്‍ജുന്‍ യാദവ് (22) എന്നയാള്‍ പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി മാതാപിതാക്കളെയും അവര്‍ ഗ്രാമപഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചു. അര്‍ജുന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ നാട്ടുകൂട്ടം 5000 രൂപ പിഴ വിധിച്ചു.

തുടര്‍ന്ന് ഇയാള്‍ പിഴ അടച്ച് അവിടെ നിന്ന് മുങ്ങി. പിന്നീട് ഫെബ്രുവരി നാലിന് പെണ്‍കുട്ടി അശുദ്ധയായെന്നും അതിനാല്‍ ചില ചടങ്ങുകള്‍ നടത്തണമെന്നും ഇവര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്നാണ് കുട്ടിയുടെ മുടി മുറിച്ചത്.

ഇതിന് ശേഷം സമുദായത്തിലുള്ളവര്‍ക്കു വേണ്ടി ഭക്ഷണവും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയാറാക്കി. ബെയ്ഗാ സമുദായത്തില്‍പ്പെട്ടവരാണ് ഇവര്‍. സംഭവം വിവാദമായതോടെ അര്‍ജുന്‍ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ മുടി മുറിച്ച മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരേ കേസെടുത്തതായി ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here