നവജാത ശിശുവിന്റെ തല വീടിന്റെ ടെറസില്‍

ഹൈദരാബാദ്: നവജാതശിശുവിന്റെ തല വീടിന്റെ ടെറസില്‍ അറുത്ത നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ചിലുക്ക നഗറിലാണ് നവജാതശിശു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രഗ്രഹണത്തോട് അനുബന്ധിച്ച് ശിശുബലി നടന്നോയെന്ന് ഹൈദരാബാദ് പോലീസ് അന്വേഷിക്കുന്നു.

വാടക വീട്ടില്‍ താമസിക്കുന്ന സ്ത്രീ രാവിലെ തുണി ഉണക്കാനായി ടെറസിലേക്ക് പോയപ്പോഴാണ് തല കണ്ടെത്തിയത്. സ്ത്രീയുടെ അലറിക്കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

മരിച്ച കുട്ടി ആണാണോ പെണ്ണാണോ എന്നതും തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയുടെ ഉടല്‍ കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തല പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

തല ആദ്യം കണ്ട സ്ത്രീയുടെ മരുമകനായ ടാക്‌സി ഡ്രൈവര്‍ രാജശേഖരനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നരഹരി, മകനായ രഞ്ജിത്ത് എന്നീ അയല്‍വാസികളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവരുടെ വീട്ടിലെ വേസ്റ്റ്ബാസ്‌കറ്റിനു സമീപത്തേക്കാണ് പൊലീസ് നായ മണം പിടിച്ച് എത്തിയത്. അതേസമയം കുഞ്ഞ് ആരുടെയാണെന്നുള്ളതിനെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.

കൊലപ്പെടുത്തിയതിന് ശേഷം തല ടെറസ്സില്‍ കൊണ്ടിട്ടതായിരിക്കാം എന്നതാണ് പൊലീസിന്റെ നിഗമനം. ടെറസ്സില്‍ ചോരപ്പാടുകളൊന്നും കണ്ടിരുന്നില്ലെന്നതിനെത്തുടര്‍ന്നാണ് ഈ നിഗമനത്തില്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here