ആറ് വയസുകാരന് ക്രൂര മര്‍ദ്ദനം

ഹൈദരാബാദ്: സ്ലേറ്റ് പെന്‍സില്‍ പൊട്ടിച്ചുവെന്ന കുറ്റത്തിന് ആറുവയസ്സുകാരനെ അമ്മയുടെ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഹൈദരാബാദിലെ സനത്‌നഗറിലാണ് സംഭവം.

ഇലക്ട്രിക് വയര്‍ ഉപയോഗിച്ചാണ് സി എച്ച് പെഡ്ഡി രാജുവെന്ന ചിന്ന, കുട്ടിയെ മര്‍ദ്ദിച്ചത്. കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ചിന്നയെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മാതാവ് ലക്ഷ്മി ഈ സമയം സ്ഥലത്തില്ലായിരുന്നു. ലക്ഷ്മിയ്ക്ക് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവിനെ നഷ്ടമായത്.

ഇതിന് ശേഷം തന്റെ രണ്ട് മക്കളേയും കൊണ്ട് ലക്ഷ്മി ഹൈദരാബാദില്‍ നിന്നും മോത്തിനഗറിലേക്ക് താമസം മാറി. കഴിഞ്ഞ വര്‍ഷമാണ് ചിന്നയുമായി ലക്ഷ്മി അടുപ്പത്തിലാകുന്നത്.

എന്നാല്‍ ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ലക്ഷ്മിയോടൊപ്പമാണ് ഇപ്പോള്‍ ചിന്ന താമസിക്കുന്നത്. ഡ്രൈവറായ ചിന്നയ്ക്ക് ലക്ഷ്മിയുടെ മക്കള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നത് ഇഷ്ടമല്ലായിരുന്നു.

ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇയാള്‍ കുട്ടികളെ പതിവായി തല്ലുമായിരുന്നു. തിങ്കളാഴ്ചയാണ് സ്ലേറ്റില്‍ എഴുതി പഠിക്കുകയായിരുന്ന കുട്ടിയുടെ കൈയില്‍ നിന്നും പെന്‍സില്‍ പൊട്ടിയതും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചതും.

LEAVE A REPLY

Please enter your comment!
Please enter your name here