വീടിന് തീ പിടിച്ചപ്പോള്‍ ചിരിച്ച് നിന്ന് സെല്‍ഫിയെടുത്ത ദമ്പതികള്‍ ; ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്

ഗ്വാന്‍ക്‌സി : സ്വന്തം വീടിന് തീപിടിച്ചാല്‍ ആരെങ്കിലും ചിരിച്ച് കൊണ്ട് സെല്‍ഫിയെടുക്കുമോ?.  അത് പിന്നെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യാന്‍ ഒരുങ്ങുമോ ? . എന്നാല്‍ അത്തരത്തിലൊരു ദമ്പതിമാരുണ്ട്. സംഭവം കേട്ട് ഇവരുടെ മാനസിക നില തകരാറിലാണോ എന്നാവും ഏവരുടെയും സംശയം. എന്നാല്‍ അങ്ങനെയല്ല ഇതിന് പിന്നില്‍ ഒരു മഹത്തായ കാര്യമുണ്ട്.ചൈനയിലെ ഗ്വാന്‍ക്‌സി പ്രവിശ്യയിലെ ദമ്പതികളാണ് ഈ വ്യത്യസ്ഥമായ സെല്‍ഫി ചിത്രങ്ങളും വീഡിയോകളിലൂടെയും ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്നത്. തണുപ്പ് കാലമായതിനാല്‍ തുണി ഉണക്കുവാന്‍ വേണ്ടി ഹീറ്റര്‍ ഓണ്‍ ചെയ്യുന്നതിനിടെയാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് വഴി വീടിന് തീപിടിക്കുന്നത്.ഉടന്‍ തന്നെ അയല്‍ക്കാരുടെ സഹായത്തോട് കൂടി ഇവര്‍ തീ അണച്ചു. തുടര്‍ന്നാണ് കരി പിടിച്ച ചുമരുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും ഇടയില്‍ നിന്ന് ദമ്പതിമാര്‍ ചിരിക്കുന്ന സെല്‍ഫികള്‍ എടുക്കാന്‍ തുടങ്ങിയത്. ഇവരുടെ മുഖവും കരി പുരണ്ടിരിക്കുകയായിരുന്നു. ‘ഈ തണുപ്പ് കാലത്ത് വരുന്ന ഇത്തരത്തിലുള്ള അപകടങ്ങളെ കരുതിയിരിക്കുക, ജീവിതത്തിലെ ഏത് പ്രതിസന്ധിയേയും ചിരിച്ച് കൊണ്ട് നേരിടുക ‘എന്ന തലക്കെട്ടോടെയാണ് ഇവര്‍ സമൂഹമാധ്യമമായ വീ ചാറ്റില്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.ദമ്പതികളുടെ ഈ ചിത്രങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലെത്തിയത്. എന്നാല്‍ ഈ കാര്യം അത്ര വലിയ പ്രശ്‌നമായി ആരും എടുക്കേണ്ട ആവശ്യമില്ലെന്നും സമൂഹത്തിന് വ്യത്യസ്ഥമായ രീതിയില്‍ ഒരു നല്ല സന്ദേശം നല്‍കുക എന്നത് മാത്രമേ തങ്ങള്‍ ഉദ്ദേശിച്ചുള്ളുവെന്നും ദമ്പതിമാര്‍ പറയുന്നു. 

 

LEAVE A REPLY

Please enter your comment!
Please enter your name here