വിടവുകളില്‍ കൂടി അകത്തേക്ക് കടന്നാല്‍ സമ്മാനം

ജിനന്‍ :ലോഹ കമ്പികള്‍ക്കിടയിലെ വിടവുകളിലൂടെ അകത്തേക്ക് കടന്നാല്‍ അമ്പരപ്പിക്കുന്ന സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ഹോട്ടല്‍ മുതലാളി. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള ജിനന്‍ നഗരത്തിലാണ് ഈ വ്യത്യസ്ഥമായ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഹോട്ടല്‍ മുതലാളിയായ ജ്യായോ ലാങാണ് ഈ ഇരുമ്പ് കമ്പികള്‍ക്കിടയിലെ വിടവുകളില്‍ ഓഫറുകള്‍ ഒളിപ്പിച്ച് വാര്‍ത്തകളില്‍ നിറയുന്നത്.

റെസ്‌റ്റോറന്റിനുള്ളിലേക്ക് കടക്കുന്ന വാതിലിന് പകരമായാണ് ഈ വിടവുകള്‍ ഉള്ളത്. വിടവുകളുടെ വീതിക്ക് അനുസരിച്ചാണ് ഓഫറുകള്‍. 15 സെമി ഉള്ള ഏറ്റവും ചെറിയ വിടവില്‍ കൂടി അകത്തേക്ക് കടക്കുന്ന വ്യക്തിക്ക് ആവശ്യത്തിന് വേണ്ട ഭക്ഷണവും ബിയറും സൗജന്യമായി കഴിക്കാം. എന്നാല്‍ ഇത് അത്ര എളുപ്പമുള്ള സംഗതിയല്ല.

2016 മുതലാണ് ഇദ്ദേഹം ഈ ഹോട്ടല്‍ ആരംഭിച്ചത്. ഇതുവരെ 20 പേര്‍ മാത്രമേ ഈ വിടവിലൂടെ അകത്തേക്ക് കടന്നിട്ടുള്ളു. ജനങ്ങളെ ആരോഗ്യ പരിപാലനത്തെ കുറിച്ചും ഭക്ഷണ ക്രമീകരണത്തെ കുറിച്ചും ബോധവാന്‍മാരാക്കുന്നതിന് വേണ്ടിയാണ് ജ്യായോ ലാങിന്റെ ഈ വ്യത്യസ്ഥമായ ശ്രമം. പൊണ്ണത്തടി വര്‍ദ്ധിക്കുവാന്‍ ഉള്ള പ്രധാന കാരണം ബിയര്‍ കുടിക്കുന്നതാണെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുക കൂടി ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യമാണെന്ന് ഇദ്ദേഹം പറയുന്നു.

18 സെമീ ഉള്ള വിടവില്‍ കൂടി അകത്തേക്ക് കടക്കുകയാണെങ്കില്‍ ആ വ്യക്തിക്ക് 5 ബിയറുകള്‍ സൗജന്യമായി ലഭിക്കും. 25 സെമീ ഉള്ള വിടവില്‍ കൂടി അകത്തേക്ക് കടക്കുന്ന വ്യക്തിക്ക് ഒരു ബിയര്‍ സൗജന്യമായി ലഭിക്കും. അടുത്ത ലെവലായ 30 സെമീ വീതിയുള്ള വിടവിലൂടെ അകത്തേക്ക് കടക്കുന്ന വ്യക്തിക്ക് സൗജന്യമായി ലഭിക്കുക ഉപദേശങ്ങളാണ്. ‘നിങ്ങളുടെ ശരീര പ്രകൃതി ശരാശരിയേക്കാള്‍ കൂടുതലാണ്. അതു കൊണ്ട് തന്നെ ഒരു ബിയറില്‍ കൂടുതല്‍ കഴിക്കണോ എന്ന് സ്വയം തീരുമാനിക്കൂ’
എന്നതാണ് ആ ഉപദേശം.

ഏറ്റവും അവസാനത്തെ വിടവിലൂടെ ഹോട്ടലിലേക്ക് കയറുന്ന വ്യക്തിക്ക് ലഭിക്കുന്ന ഉപദേശം ‘ഇനിയും ബിയര്‍ കുടിക്കണമെന്ന് നിങ്ങള്‍ക്ക് സത്യമായിട്ടും തോന്നുന്നുണ്ടോ?’ എന്നതാണ് . എന്തായാലും ഈ വ്യത്യസ്ഥമായ ആശയം കാരണം ജ്യായോ ലാങിന്റെ ഹോട്ടല്‍ ലോക ശ്രദ്ധ നേടിക്കഴിഞ്ഞി. കടല്‍ക്കരയിലാണ് ഇദ്ദേഹത്തിന്റെ ഹോട്ടല്‍. ഇദ്ദേഹം തന്റെ സ്വന്തം കൈകളാല്‍ നിര്‍മ്മിക്കുന്ന പ്രത്യേക മീന്‍ വിഭവങ്ങളാണ് ഈ ഹോട്ടലിലെ പ്രധാന ഐറ്റങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here