സല്‍മാന് ജയിലില്‍ ലഭിച്ചത് വിഐപി പരിഗണന

ന്യൂഡല്‍ഹി : രണ്ടുനാളത്തെ ജയില്‍വാസത്തിനിടെ സല്‍മാന്‍ ഖാന് വിവിഐപി പരിഗണന ലഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡെയാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ 5 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സല്‍മാന് ശനിയാഴ്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ആദ്യദിനം എയര്‍കൂളറുള്ള കോണ്‍ഫറന്‍സ് റൂമിലാണ് സല്‍മാനെ ഇരുത്തിയതെന്നാണ് വിവരം.

ഉദ്യോഗസ്ഥരുടെ മുറിയില്‍ സ്ഥാപിച്ചിരുന്ന കൂളറാണ് സല്‍മാന് നല്‍കിയത്. ഡെപ്യൂട്ടി ഇന്‍സ്‌പെക്ടറുടെ കുടുംബം ഇദ്ദേഹത്തെ സന്ദര്‍ശിച്ചു. കൂടാതെ ജയിലറുടെ മക്കള്‍ സല്‍മാനൊപ്പം സെല്‍ഫിയെടുത്തു.

സല്‍മാന് ജയില്‍ ജീവനക്കാര്‍ സിഗററ്റ് എത്തിച്ചുനല്‍കിയതായും ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോളിവുഡ് താരത്തിന് വ്യായാമത്തിനുള്ള സംവിധാനങ്ങളും ഒരുക്കിക്കൊടുത്തു.

ബന്ധുക്കളടക്കം നിരവധി പേര്‍ക്ക് നിയമവിരുദ്ധമായി സല്‍മാനെ കാണാന്‍ അവസരം നല്‍കിയിട്ടുമുണ്ട്. അഭിഭാഷകന്‍ ഹസ്തി മാല്‍ ശരാവത്, നടി പ്രീതി സിന്റ, സഹോദരി അര്‍പ്പിത, അല്‍വിര, ബോഡിഗാര്‍ഡ് ഷേര എന്നിവര്‍ക്കാണ് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയത്.

പ്രീതിസിന്റയും ഷേരയും സല്‍മാനെ കണ്ടത് അനുവദനീയമായ സമയത്തിന് ശേഷമാണെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ സല്‍മാന് പ്രത്യക പരിഗണന നല്‍കിയെന്ന വിവരങ്ങള്‍ നിഷേധിച്ച് ജോധ്പൂര്‍ ഡിഐജി വിക്രം സിങ് രംഗത്തെത്തി.

സല്‍മാന്‍ തങ്ങളോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. 1998 ഒക്ടോബര്‍ ഒന്നിന് ഒരു സിനിമാ ചിത്രീകരണത്തിനിടെ ജോധ്പൂരിന് സമീപം കങ്കിണി ഗ്രാമത്തിലെ കാട്ടില്‍ സല്‍മാന്‍ മാന്‍വേട്ട നടത്തിയെന്നാണ് കേസ്.

വന്യജീവി സംരക്ഷണ നിയമത്തിലെ 9/51 ഐപിസി 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സല്‍മാന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here