രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ ഒരു മരണം

കൊല്‍ക്കത്ത :രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു. മൃതദേഹത്തിനായി അടിപിടി കൂടി ഇരുപാര്‍ട്ടികളും. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് രാഷ്ടീയ സംഘര്‍ഷങ്ങള്‍ക്കിടെ ഒരു വ്യക്തി കൊല്ലപ്പെട്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തത്.

ഭരണകക്ഷിയായ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിനിടെ നടന്ന വെടിവെപ്പില്‍ ഷൈക്ക് ദില്‍ദാര്‍ എന്ന വ്യക്തി കൊല്ലപ്പെടുകയായിരുന്നു. ബിര്‍ഭുമിലെ സ്യൂരി ഒന്നാം നമ്പര്‍ ബ്ലോക്കിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ഇതിനിടെ മരിച്ച വ്യക്തിയുടെ മൃതദേഹത്തിന് അവകാശ വാദവുമായി ഇരു വിഭാഗവും രംഗത്തെത്തി. മരിച്ച ഷൈക്ക് ദില്‍ദാര്‍ തങ്ങളുടെ പാര്‍ട്ടിയുടെ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാളാണെന്ന് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ സമിക് ഭട്ടാചാര്യ പറഞ്ഞു. ഷൈക്ക് ദില്‍ദര്‍ ബിജെപി പ്രവര്‍ത്തകനാണെന്നും ത്രിണമൂല്‍ കോണ്‍ഗ്രസാണ് ഇദ്ദേഹത്തെ വെടിവെച്ചിട്ടതെന്നും മറ്റൊരു ബിജെപി നേതാവായ ദിലീപ് ഘോഷ് ആരോപിച്ചു.

പാര്‍ട്ടിയുടെ മറ്റൊരു പ്രവര്‍ത്തകനും ടിഎംസിയുടെ ആക്രമണത്തെ തുടര്‍ന്ന് ഗുരുതര പരിക്കുകളുമായി ആശുപത്രിയിലാണെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി. അതേസമയം മരിച്ചത് തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ട് ടിഎംസി നേതാവ് അനുഭാരത മോണ്ഡല്‍ രംഗത്തെത്തി. ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും സംസ്ഥാന മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീമും ഷൈക്ക് ദില്‍ദാര്‍ തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.

സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ഇദ്ദേഹം ഏതു പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണെന്ന് കണ്ടെത്താന്‍ പൊലീസിനും ഇതുവരെ സാധിച്ചിട്ടില്ല.

കടപ്പാട് : ANI

LEAVE A REPLY

Please enter your comment!
Please enter your name here