മുഖത്തടിച്ചുള്ള കളി ആറാം ക്ലാസുകാരന്റെ ജീവനെടുത്തു

ലാഹോര്‍: മുഖത്തടിച്ചുള്ള കളി ആറാം ക്ലാസുകാരന്റെ ജീവനെടുത്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് ദാരുണാന്ത്യം സംഭവിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബിലാലാണ് മരിച്ചത്. ക്ലാസിന്റെ ഇടവേളയ്ക്കിടെ ബിലാലും ആമിറും ചേര്‍ന്ന് താപ്പര്‍ കബഡി എന്നറിയപ്പെടുന്ന മുഖത്തടിച്ച് മുന്നേറുന്ന കളി കളിക്കുകയായിരുന്നു.

ഇവര്‍ തമ്മിലുള്ള വാശിയേറിയ മത്സരം നടക്കുമ്പോള്‍ അധ്യാപകരും മറ്റ് വിദ്യാര്‍ത്ഥികളുമുള്‍പ്പെടുപ്പെടുന്ന സംഘം ഇവര്‍ക്ക് ചുറ്റമുണ്ടായിരുന്നു. കളിയുടെ തുടക്കത്തില്‍ ഇരുവരും ശക്തിയോടെ അങ്ങോട്ടും ഇങ്ങോട്ടും അടിച്ചു. പിന്നാലെ അടിക്ക് ശക്തി കൂടുകയും ഇടയ്ക്കുവെച്ച് ആമിറിന്റെ ആഞ്ഞുള്ള അടിയേറ്റ് ബിലാല്‍ നിലത്ത് വീഴുകയുമായിരുന്നു. എന്നാല്‍ കണ്ട് നിന്നിരുന്ന അധ്യാപകര്‍ ഉള്‍പ്പെടെ ആരും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ മുന്നോട്ടു വന്നില്ല.

സംഭവം അറിഞ്ഞെത്തിയ രക്ഷാപ്രവര്‍ത്തകര്‍ വന്നതിന് ശേഷമാണ് അരമണിക്കൂറോളം കഴിഞ്ഞ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ബിലാല്‍ മരിച്ചിരുന്നു. അതേസമയം ബിലാലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താത്തതില്‍ പോലീസിനും വീഴ്ച പറ്റിയെന്നും ആരോപണം ഉയര്‍ന്നു. ഈ മാസം ആദ്യം നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തായത് കഴിഞ്ഞ ദിവസമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here