മലേഷ്യ :മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ടീച്ചര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മലേഷ്യയില്‍ ആത്മഹത്യ ചെയ്തു. ഇന്ത്യന്‍ സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി വസന്തപ്രിയയാണ് അധ്യാപികമാരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
മലേഷ്യയില്‍ ഒരു വന്‍കിട ഹോട്ടലില്‍ പാചകക്കാരനാണ് വസന്തപ്രിയയുടെ പിതാവ്. മലേഷ്യയിലെ ഒരു സ്വകാര്യ സ്കൂളിലാണ് വസന്തപ്രിയ പഠിക്കുന്നത്. സ്കൂളിലെ ഒരു അധ്യാപികയുടെ ഐഫോണ്‍ കാണാതായതിനെ തുടര്‍ന്നാണ് വസന്തപ്രിയക്ക് പീഡനമേല്‍ക്കേണ്ടി വന്നത്.നാല് അധ്യാപികമാര്‍ ചേര്‍ന്ന് കുട്ടിയെ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. കുറ്റം സമ്മതിക്കാത്തതിനെ തുടര്‍ന്ന് അഞ്ച് മണിക്കൂറോളം അധ്യാപികമാര്‍ വസന്തപ്രിയയെ മുറിയില്‍ തനിച്ചാക്കി പൂട്ടിയിട്ടു.
തിരിച്ച് വീട്ടില്‍ എത്തിയ കുട്ടി മുറിയിലേക്ക് പോയി വാതിലടച്ചു. മണിക്കൂറുകള്‍ക്ക് ശേഷവും കുട്ടിയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് പിതാവ് കതക് തള്ളിത്തുറന്നപ്പോഴാണ് പെണ്‍കുട്ടിയെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കി ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു കുട്ടിയെ കാണപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
‘ഇത്രയും നാളും എന്നെ നോക്കിയ മാതാപിതാക്കളെ എനിക്ക് വളരെ ഇഷ്ടമാണെന്നും, അധ്യാപികയുടെ ഫോണ്‍ താന്‍ മോഷ്ടിച്ചിട്ടില്ലെന്നും ദയവ് ചെയ്ത് വിശ്വസിക്കണമെന്നും, ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല’ എന്നും ആത്മഹത്യ കുറിപ്പില്‍ എഴുതിയായിരുന്നു വസന്തപ്രിയ ഈ ലോകത്തോട് വിട പറഞ്ഞത്.