ബി.ജെ.പി ഓഫീസിന് മുന്നില്‍ മൂര്‍ഖന്റെ ‘ഉപരോധം

കൂത്താട്ടുകുളം: ബിജെപി ഓഫീസിന് മുമ്പില്‍ മൂര്‍ഖന്‍ പാമ്പ് ഉപരോധം തീര്‍ത്തപ്പോള്‍ കുടുങ്ങിയത് പ്രവര്‍ത്തകര്‍. കൂത്താട്ടുകുളത്തെ ബിജെപി പാര്‍ട്ടി ഓഫീസിന് മുമ്പിലാണ് ഇരതേടി എത്തിയ മൂര്‍ഖന്‍ പാമ്പ് പത്തി വിടര്‍ത്തി നിലയുറപ്പിച്ചത്. പതിനഞ്ചോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ മണിക്കൂറോളമാണ് ഓഫീസിനുള്ളില്‍ കുടുങ്ങിയത്.

ഒരു എലിയാണ് മൂര്‍ഖന്‍ പാമ്പിനെ ബിജെപി ഓഫീസിന് മുമ്പിലെത്തിച്ചത്. ഓഫീസിനുള്ളിലേയ്ക്ക് കയറിയ എലിയ്ക്ക് പിന്നാലെ മൂര്‍ഖന്‍ വരുന്നത് കണ്ട പ്രവര്‍ത്തകര്‍ വാതില്‍ അടച്ചു.

ഇതോടെ ഓഫീസിന് പുറത്ത് ഊരിയിട്ടിരുന്ന പ്രവര്‍ത്തകരുടെ ചെരിപ്പുകള്‍ക്ക് മുകളില്‍ മൂര്‍ഖന്‍ നിലയുറപ്പിച്ചു. ഇതോടെ എല്ലാവരും അങ്കലാപ്പിലായി. ഓഫീസിന് ഒരു വാതില്‍ മാത്രമാണ് ഉണ്ടായിരുന്നത്. മുറിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തകര്‍ ഇരുമ്പ് കൊണ്ട് നിര്‍മിച്ച ഗ്രില്ലിലൂടെ പാമ്പിനെ ഓടിക്കാന്‍ ശ്രമിച്ചു. ഇതോടെ മൂര്‍ഖന്‍ ഗ്രില്ലിനടുത്തേക്ക് പാഞ്ഞടുത്തു പത്തി വിടര്‍ത്തി നിന്നു.

ഇതോടെ പാമ്പിന്റെ അടുത്തേക്കെത്താനും, പാമ്പിനെ ഓടിച്ച് മാറ്റാനും എല്ലാവരും ഭയപ്പെട്ടു. നീണ്ട കാത്തിരുപ്പിന് ശേഷം ഉപരോധം അവസാനിപ്പിച്ച് പാമ്പ് സ്വയം വിടവാങ്ങിയതോടെയാണ് പ്രവര്‍ത്തകര്‍ക്ക് മുറി വിട്ട് പുറത്തെത്താനായത്. മനു അടിമാലി എന്ന വ്യക്തിയാണ് ബിജെപി ഓഫീസിന് മുമ്പിലെ മൂര്‍ഖന്റെ എലിപിടുത്തം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here