തന്റെ ഡ്രൈവര്‍  വിരമിക്കുന്ന ദിവസം ജില്ലാ കലക്ടര്‍ ഇദ്ദേഹത്തിന് നല്‍കിയത് ഒരു സര്‍പ്രൈസ് സമ്മാനം

പട്‌ന :വര്‍ഷങ്ങളായി തന്റെ ഡ്രൈവറായിരുന്ന വ്യക്തി വിരമിക്കുന്ന ദിവസം ഒരു ജില്ലാ കലക്ടര്‍ അദ്ദേഹത്തിന് നല്‍കിയത് മറക്കാനാവാത്ത നിമിഷങ്ങള്‍. രഹസ്യമായി ഓഫീസില്‍ വിരമിക്കള്‍ ചടങ്ങ് ആസൂത്രണം ചെയ്ത കലക്ടര്‍ ഇതിന് ശേഷം സ്വയം ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്ന് ഡ്രൈവറെ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ട് വിട്ടു.ബിഹാറിലെ പട്‌നയ്ക്കടുത്ത് മുംഗേര്‍ ജില്ലയിലെ കലക്ടര്‍ ഉദയ് കുമാര്‍ സിങ്ഹയാണ് തന്റെ ഡ്രൈവര്‍ സമ്പത്ത് രാമിന് വിരമിക്കുന്ന ദിവസം ഇത്ര മനോഹരമായ യാത്രയയപ്പ് സമ്മാനിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ 35 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സമ്പത്ത് രാം വിരമിക്കുന്നത്. സര്‍വ്വീസിലെ അവസാന ദിവസമായ കഴിഞ്ഞ ശനിയാഴ്ച കലക്ടറേറ്റ് മന്ദിരത്തില്‍ എത്തിയ സമ്പത്ത് രാം തന്റെ വിരമിക്കല്‍ ചടങ്ങിനായി അവിടെ സജ്ജീകരിച്ച ഒരുക്കങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടു.വിരമിക്കല്‍ ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലേക്ക് പോകുവാന്‍ ഒരുങ്ങുമ്പോഴാണ് കലക്ടര്‍ സമ്പത്ത് രാമിന് അടുത്ത സര്‍പ്രൈസ് നല്‍കിയത്. ഒരു സ്ഥലം വരെ പോകാനുണ്ടെന്ന് കലക്ടര്‍ പറഞ്ഞതനുസരിച്ച് വാഹനത്തിനടുത്തേക്ക് പോയ സമ്പത്ത് രാമിനെ ഉദയ് കുമാര്‍ പുറകിലെ സീറ്റില്‍ ഇരുത്തുകയും ഇന്നൊരു ദിവസം ഞാന്‍ താങ്കളുടെ ഡ്രൈവറാകാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ആദ്യം ഈ കാര്യം വിശ്വസിക്കാന്‍ ആയില്ല. ഉടനെ ഉദയ് കുമാര്‍ തന്നെ പുറകിലെ വാതില്‍ സമ്പത്തിന് വേണ്ടി തുറന്നു കൊടുത്തു.ശേഷം ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് സമ്പത്തിനെ വീട്ടില്‍ കൊണ്ട് ചെന്നാക്കി. തന്റെ ഭാര്യക്കും നാട്ടുകാര്‍ക്കൊന്നും ആദ്യം ഈ കാഴ്ച വിശ്വസിക്കാനായില്ലെന്നും അവരുടെയൊക്കെ പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞ് പോയതായും സമ്പത്ത് രാം പറയുന്നു. വര്‍ഷങ്ങളായി തന്നെ സേവിക്കുന്ന വ്യക്തിക്ക് ഇത്തരത്തില്‍ ഒരു യാത്രയയപ്പ് കൊടുക്കാന്‍ സാധിച്ചതില്‍ താന്‍ അതിയായ സന്തോഷവാനാണെന്ന് കലക്ടറും പറയുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here