കൊലയ്ക്ക്‌ കാരണം തൊഴില്‍ രംഗത്തെ അസൂയ

ഭുവനേശ്വര്‍ : ഒഡീഷയിലെ ബലാങ്കീറില്‍ വിവാഹസമ്മാനത്തിന്റെ രൂപത്തില്‍ വന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വരന്റെ അമ്മയുടെ സഹപ്രവര്‍ത്തകനാണ് പിടിയിലായത്. കോളജ് പ്രൊഫസറായ പഞ്ചിലാല്‍ മെഹര്‍ എന്നയാളാണ് പാഴ്‌സല്‍ ബോംബ് നിര്‍മ്മിച്ച് സമ്മാനിച്ചത്.

ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. നവവരന്‍ സൗമ്യശേഖര്‍, മുത്തശ്ശി ജമമണി എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 18 നായിരുന്നു സൗമ്യശേഖര്‍-റീമ സാഹു എന്നിവരുടെ വിവാഹം. എന്നാല്‍ 5 ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ക്ക് ഒരു സമ്മാനം ലഭിച്ചു. പെട്ടിതുറന്നതും സ്‌ഫോടനമാണുണ്ടായത്.

സംഭവത്തില്‍ സൗമ്യയും ജമമണിയും കൊല്ലപ്പെട്ടു. വധു റീമയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തൊഴില്‍ രംഗത്തെ ശത്രുതയാണ് കൊലപാതകത്തിന് പഞ്ചിലാലിനെ പ്രേരിപ്പിച്ചത്. ഇയാള്‍ക്ക് പകരം സൗമ്യശേഖറിന്റെ മാതാവ് സഞ്ജുജുക്തയെ ജ്യോതി ബികാസ് കോളജിന്റെ പ്രിന്‍സിപ്പലായി നിയമിച്ചിരുന്നു.

ഇതില്‍ ക്രുദ്ധനായ പഞ്ചിലാല്‍, സഞ്ജുജുക്തയെയും കുടുംബത്തെയും നശിപ്പിക്കാന്‍ സ്‌ഫോടനത്തിന് പദ്ധതിയിടുകയായിരുന്നു. പഞ്ചിലാലില്‍ നിന്ന് പടക്കങ്ങള്‍, വെടിമരുന്ന്, ലാപ്‌ടോപ്, പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഗൂഗിളില്‍ തിരഞ്ഞ് 7 മാസം ഗവേഷണം നടത്തിയാണ് ഇയാള്‍ ബോംബ് ഉണ്ടാക്കിയത്.

തുടര്‍ന്ന് പരീക്ഷണം നടത്തി വിജയമുറപ്പാക്കിയ ശേഷമാണ് പ്രയോഗിച്ചത്. സ്‌ഫോടകവസ്തു മനോഹരമായ സമ്മാനപ്പൊതിയില്‍ ഒളിപ്പിച്ച് സ്‌കൈ കിങ് കൊറിയര്‍ മുഖേനയാണ് വിലാസം വെയ്ക്കാതെ അയച്ചത്. ഇത് തുറന്നതോടെ സ്‌ഫോടനത്തില്‍ കലാശിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here