ജീവനക്കാരുടെ മുഖത്തടിച്ച് മാനേജര്‍

യിച്ചാങ് :മോശം പ്രകടനത്തെ തുടര്‍ന്ന് കമ്പനി ജീവനക്കാരെ നിരത്തി നിര്‍ത്തി വനിതാ മാനേജര്‍ കരണത്തടിച്ചു. ചൈനയിലെ ഹുബി പ്രവിശ്യയിലുള്ള യിച്ചാങിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. ജീവനക്കാര്‍ തന്നെയാണ് മാനേജരോട് തങ്ങളുടെ മുഖത്തടിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ മാസം അവസാനം നടന്ന ഈ സംഭവത്തിന്റെ വീഡിയോ വ്യാപകമായാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെടുന്നത്. കമ്പനിയുടെ ആറ് ഏജന്റമാരെയാണ് മാനേജര്‍ മുഖത്തടിച്ച് ശിക്ഷിക്കുന്നത്. ഏപ്രില്‍ മാസം ഇവര്‍ക്ക് കമ്പനി നല്‍കിയ ടാര്‍ഗറ്റ് സ്വന്തമാക്കുവാന്‍ ഏജന്റുമാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് രൂക്ഷമായ ഭാഷയിലാണ് മാനേജര്‍ ഇവരെ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് യോഗത്തിനിടെ വിമര്‍ശിച്ചത്.

ഈ തെറ്റിന് നിങ്ങള്‍ എന്തു തരത്തിലുള്ള ശിക്ഷ വേണമെന്ന് സ്വയം തീരുമാനിക്കാമെന്ന് മാനേജര്‍ ഒടുവില്‍ ഏജന്റുമാരോട് പറഞ്ഞു. തുടര്‍ന്നാണ് തങ്ങളുടെ മുഖത്തടിച്ച് കൊള്ളാന്‍ ഇവര്‍ മാനേജരോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഈ ആറ് തൊഴിലാളികളെയും മുന്‍ നിരയില്‍ നിര്‍ത്തി മാനേജര്‍ മുഖത്തടിക്കാന്‍ തുടങ്ങുകയായിരുന്നു. ജീവനക്കാരോട് മാനേജര്‍ നടത്തിയ മോശം പെരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് വനിതാ മാനേജറെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി കമ്പനി അറിയിച്ചു.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here