പരിക്കേറ്റ കുട്ടിയെ അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല

തൃശൂര്‍: ക്ലാസില്‍ വീണ് പരിക്കേറ്റ് ഒരു മണിക്കൂറിലേറെ രക്തം ഒലിപ്പിച്ചുകിടന്ന മൂന്നാം ക്ലാസുകാരിയെ ഉടനെ ആശുപത്രിയില്‍ എത്തിക്കാതെ സ്‌കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്ന് രക്ഷിതാവ്.

തൃശൂര്‍ വിലങ്ങന്നൂര്‍ സെന്റ് ആന്റണീസ്‌ സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൃഷ്ണനന്ദ എന്ന മൂന്നാം ക്ലാസുകാരി മുഖമടിച്ച് വീണത്. മുന്‍വശത്തെ പല്ലുകള്‍ക്ക് പരിക്കേറ്റു. മോണ അകത്തേക്ക് തള്ളിപോയി വായില്‍ നിന്നും രക്തം വന്നതോടെ കുട്ടിയെ ക്ലാസ് ടീച്ചര്‍ ഒരിടത്ത് കിടത്തുകയും മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു.

രക്ഷിതാക്കള്‍ വരുന്നത് വരെ കുട്ടിയെ ആശുപത്രിയിലാക്കാതെ കാത്തിരിക്കുകയായിരുന്നു അധികൃതരെന്നാണ് ആക്ഷേപം. നെഞ്ചുവേദനയും പല്ലുവേദനയും അനുഭവപ്പെടുന്ന കുട്ടി ഇപ്പോള്‍ വിശ്രമത്തിലാണ്.

കുട്ടിയുടെ പരിക്ക് ഭേദമാകാന്‍ ഇനിയും സമയമെടുക്കുമെന്ന് രക്ഷിതാക്കള്‍ പറയുന്നു. അതേസമയം കുട്ടിയുടെ രക്ഷിതാവ് എത്തിയ ശേഷം ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് കരുതിയതാണെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു.

സംഭവത്തിന് ശേഷം സ്‌കൂള്‍ അധികൃതരും അധ്യാപികയും കുട്ടിയുടെ വീട്ടിലെത്തി ക്ഷമാപണം നടത്തിയിട്ടുണ്ട്.

കടപ്പാട്: മനോരമ

LEAVE A REPLY

Please enter your comment!
Please enter your name here