പ്രിയയുടെ ഗാനത്തിനെതിരെ പരാതി

ഹൈദരാബാദ് :’അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഏറെ തരംഗമായ ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനരംഗത്തിനെതിരെ യുവാക്കളുടെ പരാതി. ഹൈദരാബാദിലെ ഫലക്ക്‌നുമ പൊലീസ് സ്‌റ്റേഷനിലാണ് ഒരു കൂട്ടം യുവാക്കള്‍ ചിത്രത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലെ വരികളാണ് യുവാക്കളെ ചൊടിപ്പിച്ചത്. കഴിഞ്ഞയാഴ്ച യൂട്യൂബില്‍ പുറത്തിറങ്ങിയ ഗാനത്തിന്റെ പ്രശസ്തി കേരളക്കര വിട്ട്  രാജ്യം ഒന്നടങ്കം വ്യാപിച്ചിരുന്നു.

ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയയുടെ പ്രകടനങ്ങളും രാജ്യമെമ്പാടുമുള്ള യുവാക്കള്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഗാനത്തിലെ വരികള്‍ മുസ്‌ലിം സമുദായത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഗാനം മലയാളത്തില്‍ കേട്ട് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷ നടത്തിയപ്പോഴാണ് തങ്ങള്‍ക്ക് ഈ സത്യം മനസ്സിലായതെന്നും യുവാക്കള്‍ പറയുന്നു.എന്നാല്‍ യുവാക്കളുടെ പരാതി ലഭിച്ചെങ്കിലും വേണ്ടത്ര തെളിവുകള്‍ ഹാജരാക്കുവാന്‍ ഇവരോട് ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു.
ഇതുവരെയായി എഫ്‌ഐആറൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി .

LEAVE A REPLY

Please enter your comment!
Please enter your name here