യുഎഇയില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ദുബായ് : തൊഴില്‍ വിസയ്ക്കുള്ള അപേക്ഷയോടൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിയമം യുഎഇയില്‍ നാളെ മുതല്‍ ( ഞായറാഴ്ച) പ്രാബല്യത്തിലാകും. തൊഴില്‍ വിസ ലഭിക്കാന്‍ എല്ലാ വിദേശികളും അവരുടെ രാജ്യങ്ങളില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കണം.

സ്വന്തം രാജ്യത്തല്ലാതെ കഴിയുകയും യുഎഇയിലേക്ക് മാറി എത്തുന്നവരുമാണെങ്കില്‍ ആ രാജ്യത്തുനിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. അതായത് അഞ്ച് വര്‍ഷമായി എവിടെയാണോ ജീവിച്ചത് അവിടെ നിന്നുള്ള രേഖയാണ് നല്‍കേണ്ടത്.

അതേസമയം ഒന്നില്‍ കൂടുതല്‍ രാജ്യങ്ങളില്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവിടെ നിന്നെല്ലാമുള്ള സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.ഈ രാജ്യങ്ങളിലെ യുഎഇ എംബസികളിലോ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള ഹാപ്പിനസ് ശാഖകളിലോ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തണം. ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഈ നിയമം ബാധകമാണ്. ഒരു കുടുംബത്തില്‍ ആരാണോ തൊഴില്‍ വിസയെടുക്കുന്നത്. അവര്‍ക്ക് മാത്രമാണ് ഈ നിയമം ബാധകമാകുന്നത്. മറ്റ് കുടുംബാംഗങ്ങള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.

സന്ദര്‍ശക വിസയില്‍ എത്തുന്നവരും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല. അതേസമയം യുഎഇയില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ പുതിയ തൊഴില്‍ വിസയിലേക്ക് മാറിയാല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്.

യുഎഇ പൊലീസ് സ്റ്റേഷനുകളില്‍ നിന്നോ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനില്‍ നിന്നോ ഇവ വാങ്ങാം. ഓണ്‍ലൈന്‍ സേവനം ഇതിനായി അധികൃതര്‍ ലഭ്യമാക്കിയിട്ടുണ്ട്. ദുബായ് പൊലീസിന്റെ വെബ്‌സൈറ്റും ആപ്പും ഇതിനായി ഉപയോഗിക്കാം. സ്വദേശികള്‍ 100 ദിര്‍ഹവും പ്രവാസികള്‍ 200 ദിര്‍ഹവും ഇതിനായി അടയ്ക്കണം. കൂടാതെ നോളജ്, ഇന്നവേഷന്‍ ഫീസുകളായി പത്തുദിര്‍ഹവും നല്‍കണം.

മറ്റൊരു രാജ്യത്ത് നിന്ന് അപേക്ഷിക്കുമ്പോള്‍ 300 ദിര്‍ഹമാണ് ഫീസ്. അപേക്ഷ ഓണ്‍ലൈന്‍ ആണെങ്കില്‍ എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ് സ്‌കാന്‍ ചെയ്ത് നല്‍കണം. എന്നാല്‍ നിലവിലെ വിസ പുതുക്കുന്നതിന് പ്രസ്തുത രേഖ ആവശ്യമില്ല.

യുഎഇയില്‍ ആകെ 45 ലക്ഷം വിദേശികള്‍ തൊഴലെടുക്കുന്നുണ്ട്. സുരക്ഷ മുന്‍നിര്‍ത്തിയും സമൂഹ നന്‍മ ലക്ഷ്യമിട്ടുമാണ് ഈ നടപടിയെന്ന് യുഎഇ വൃത്തങ്ങള്‍ വ്യക്തമാക്കി.

യുഎഇ ചിത്രങ്ങളിലൂടെ …

LEAVE A REPLY

Please enter your comment!
Please enter your name here