സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിബന്ധന മരവിപ്പിച്ചു

ദുബായ് : ആശയക്കുഴപ്പത്തിന് വിരാമം, യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന വ്യവസ്ഥ മരവിപ്പിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ നിബന്ധന മരവിപ്പിക്കുന്നതായി യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി.

എല്ലാ രാജ്യക്കാര്‍ക്കും ഇളവ് ബാധകമാണ്. ഫെബ്രുവരി നാലുമുതലാണ്, വിദേശികള്‍ സ്വഭാവസര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന നിബന്ധന നിര്‍ബന്ധമാക്കിയത്. സ്വന്തം രാജ്യത്തുനിന്നോ, അഞ്ചുവര്‍ഷമായി താമസിക്കുന്ന രാജ്യത്തുനിന്നോ രേഖ ഹാജരാക്കണമെന്നായിരുന്നു വ്യവസ്ഥ.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായി. ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ക്ക് ഇതില്‍ ഇളവ് ലഭിച്ചതായി റിപ്പോര്‍ട്ട് വന്നു. പിന്നാലെ ഇത്തരത്തില്‍ ആര്‍ക്കും ഇളവില്ലെന്നും എല്ലാ രാജ്യത്തുനിന്നുള്ളവരും പ്രസ്തുത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇതോടെ ആശയക്കുഴപ്പം ഇരട്ടിച്ചു. ഈ സാഹചര്യത്തിലാണ് രേഖ നിര്‍ബന്ധമാക്കിയ വ്യവസ്ഥ മരവിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്. ജോലിക്കായി വിസ ലഭിക്കണമെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ കോപ്പി നല്‍കണമെന്നായിരുന്നു വ്യവസ്ഥ.

സ്വഭാവ സര്‍ട്ടിഫിക്കറ്റ് അതത് രാജ്യങ്ങളിലെ യുഎഇ നയതന്ത്ര കാര്യാലയത്തിലോ ഹാപ്പിനസ് കേന്ദ്രങ്ങളിലോ സാക്ഷ്യപ്പെടുത്തണെമെന്നും മുന്‍ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ഇളവ് ലഭിക്കുമ്പോള്‍ മലയാളികള്‍ക്കാണ് ഏറെ ആശ്വാസമാകുന്നത്.

കാരണം യുഎഇയിലെ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ മലയാളികളാണ്. ഒന്നില്‍ കൂടുതല്‍ രാജ്യങ്ങളില്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവിടെ നിന്നെല്ലാമുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നതായിരുന്നു മറ്റൊരു നിര്‍ദേശം.

ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഈ നിയമം ബാധകമാണെന്നും അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ഈ വ്യസ്ഥകളെല്ലാം താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ട് ഏപ്രില്‍ 2 നാണ് ഉത്തരവിറക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here