മധ്യപ്രദേശില്‍ 60 ലക്ഷം കള്ള വോട്ടെന്ന് കോണ്‍ഗ്രസ്

ഭോപ്പാല്‍ :മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കിയ വോട്ടര്‍ ലിസ്റ്റില്‍ 60 ലക്ഷത്തോളം കള്ള വോട്ടിംഗ് ഐഡികള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ്. പ്രശ്‌നത്തില്‍ പരാതി അറിയിക്കാന്‍ ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് ആണ് ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.

പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ 60 ലക്ഷത്തോളം കള്ള വോട്ടിംഗ് ഐഡികള്‍ തങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞെന്നും ഈ തെളിവുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കമല്‍നാഥ് വ്യക്തമാക്കി. ഇത്രയധികം വ്യാജ ഐഡികള്‍ കണ്ടെത്തിയത് കൊണ്ട് തന്നെ ഇവ പിഴവ് സംഭവിച്ചതാണെന്ന് കരുതാനാകില്ലെന്നും കരുതി കൂട്ടിയുള്ള ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് കമ്മീഷന്‍ പരിശോധിക്കണമെന്നും കമല്‍നാഥ് ആവശ്യപ്പെട്ടു.

വോട്ടിംഗ് ലിസ്റ്റുകള്‍ പുനപരിശോധനയ്ക്ക് വിധേയമാക്കുക, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയവയാണ് കോണ്‍ഗ്രസിന്റെ പ്രധാന ആവശ്യങ്ങള്‍. ഇത് അധികാര ദുര്‍വിനിയോഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടിംഗ് ലിസ്റ്റില്‍ തിരിമറി നടത്തിയതിന് പിന്നില്‍ ബിജെപിയാണെന്ന് മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ആരോപിച്ചു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ 24 ശതമാനം മാത്രം ജനസംഖ്യ വര്‍ദ്ധനവുണ്ടായ നാട്ടിലെ വോട്ടിംഗ് ലിസ്റ്റില്‍ 40 ശതമാനത്തിന്റെ വര്‍ദ്ധന എങ്ങനെയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു. പല വ്യക്തികളുടെയും പേരുകള്‍ 26 നിയമസഭാ മണ്ഡലങ്ങളിലെ ലിസ്റ്റികളില്‍ വരെയുണ്ടെന്നും ജ്യോതിരാദിത്യ സിന്ധ്യ ആരോപിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here