കര്‍ണ്ണാടകയില്‍ ജെഡിഎസ് മന്ത്രിസഭ അധികാരത്തിലേക്ക്‌

ബംഗളൂരു : കര്‍ണ്ണാടകയില്‍ ജെഡിഎസ് അധികാരത്തിലേക്ക്. കോണ്‍ഗ്രസ് പിന്‍തുണയോടെയാണ് പാര്‍ട്ടി ഭരണത്തിലേറുന്നത്. ജെഡിഎസ്, കോണ്‍ഗ്രസ് പിന്‍തുണ സ്വീകരിച്ചതോടെയാണ് ചിത്രം തെളിഞ്ഞത്.

ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഗവര്‍ണ്ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു.

224 അംഗ നിയമസഭയില്‍ 113 അംഗങ്ങളുടെ പിന്‍തുണയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായുള്ളത്. കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 38 ഉം സീറ്റുകളുണ്ട്. കൂടാതെ 2 സ്വതന്ത്രരുടെ പിന്‍തുണയുമുണ്ട്.

ഇതുകൂടിയാകുമ്പോള്‍ 118 അംഗങ്ങളുടെ പിന്‍തുണ ജെഡിഎസ് സര്‍ക്കാരിനുണ്ടാകും. ഇതോടെ കുമാരസ്വാമി മുഖ്യമന്ത്രിയാകും. ജെഡിഎസിന്റെ അവകാശവാദത്തിന്‍മേല്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

ജെഡിഎസിന് കോണ്‍ഗ്രസ് നിരുപാധിക പിന്‍തുണയാണ് നല്‍കുന്നത്. സര്‍ക്കാരില്‍ ചേരണോ എന്ന കാര്യം പിന്നീട്  തീരുമാനിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ ജി പരമേശ്വര വ്യക്തമാക്കി.

കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്‍തുണ നല്‍കുന്നതിനാണ് സാധ്യതയേറെയും. അതേസമയം ബിജെപി നേതാവ് യെദ്യൂരപ്പ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഭൂരിപക്ഷം ഉറപ്പിക്കാനാകുമെന്ന് യെദ്യൂരപ്പ അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here