ബിജെപിക്ക് തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ്‌

ബംഗളൂരു : മണിപ്പൂരിലും ഗോവയിലും ബിജെപിയില്‍ നിന്ന് കിട്ടിയ പ്രഹരത്തിന് കര്‍ണാടകയില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്. മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

ബിജെപിയുടെ കുതന്ത്രങ്ങളും കുതിരക്കച്ചവടവും ഗവര്‍ണര്‍മാരെ ഉപയോഗിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളുമാണ് തിരിച്ചടിയായത്. ഇതിന് കര്‍ണാടകയില്‍ നിര്‍ണ്ണായക നീക്കത്തിലൂടെ തിരിച്ചടിക്കുകയാണ് കോണ്‍ഗ്രസ്. ഇവിടെ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.

224 അംഗ സഭയില്‍ 104 ഇടത്താണ് പാര്‍ട്ടി വിജയിച്ചത്. എന്നാല്‍ ബിജെപിയെ ഭരണത്തില്‍ നിന്നകറ്റാന്‍ ജെഡിഎസുമായി കൈകോര്‍ക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 38 ഉം എംഎല്‍എമാരെ ലഭിച്ചിട്ടുണ്ട്. 2 സ്വതന്ത്രരും വിജയിച്ചു.

ജെഡിഎസുമായി ചേര്‍ന്നാല്‍ കോണ്‍ഗ്രസിന് 113 എന്ന മാന്ത്രിക സംഖ്യ മറികടക്കാം. സ്വതന്ത്രന്‍മാരുടെ പിന്‍തുണയും കോണ്‍ഗ്രസ് ഉറപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരണത്തിനാണ് കോണ്‍ഗ്രസിന്റെ നീക്കം.

ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി പയറ്റിയതും ഇതേ തന്ത്രമാണ്. മണിപ്പൂരില്‍ 60 അംഗ സഭയില്‍ 28 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ കക്ഷിയായത്. ബിജെപിക്ക് 21 അംഗങ്ങളാണുള്ളത്.

എന്നാല്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി എന്നിവയിലെ അംഗങ്ങളുടെ പിന്‍തുണയോടെയാണ് ബിജെപി സര്‍ക്കാരുണ്ടാക്കിയത്. ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നില്ല.

17 സീറ്റുമായി ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസാണ്. 40 അംഗ സഭയില്‍ 21 അംഗങ്ങളുടെ പിന്‍തുണ കാണിച്ച് ഗവര്‍ണര്‍ക്ക് പട്ടികയും നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ ബിജെപിയെ സര്‍ക്കാരുണ്ടാക്കാനാണ് ഗവര്‍ണര്‍ ക്ഷണിച്ചത്. ബിജെപിക്ക് 13 സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ.

മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് 21 അംഗങ്ങളുടെ പിന്തുണ ബിജെപി അവകാശപ്പെട്ടത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ബിജെപി നേതാവ് മനോഹര്‍ പരീക്കറിന് 15 ദിവസത്തെ സാവകാശവും നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here