യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ കോണ്‍ഗ്രസ്

ഡല്‍ഹി :കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ അടുത്തിടെ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. ഇതിനായി രാജ്യത്താകമാനം യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ് രാഹുല്‍ എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍.

കേന്ദ്ര സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളെ ടിവി ചാനല്‍ ചര്‍ച്ചകളിലും സമൂഹ മാധ്യമങ്ങളിലും പൊളിച്ച് കാട്ടുന്ന തരത്തില്‍ വ്യക്തമായ ഗ്രാഫുകളിലൂടെ കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ സാധിക്കുന്ന യുവാക്കളെയാണ് രാഹുല്‍ നോട്ടമിടുന്നത്.ഇതിനായി ഓരോ സംസ്ഥാനത്തും ടാലന്റ് ഹണ്ടുകള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന കര്‍ണ്ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ ടാലന്റ് ഹണ്ടുകള്‍ സംഘടിപ്പിക്കുക. ഇതിനായി കോണ്‍ഗ്രസ് നേതാക്കളായ പ്രണവ് ഝാ, പ്രിയങ്കാ ചതുര്‍വേദി എന്നിവരെ രാഹുല്‍ ചുമതലപ്പെടുത്തി.

രാജസ്ഥാനില്‍ നിന്ന് 700 ഉം മഹാരാഷ്ട്രയില്‍ നിന്ന് 750 ലധികവും അപേക്ഷകള്‍
ഇതുവരെ ലഭിച്ചതായി നേതാക്കള്‍ അറിയിച്ചു. സ്വാതന്ത്ര്യ സമര പോരാട്ടം കണക്കെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം.

പ്രാദേശികമായി ജനങ്ങളുടെ അടുത്ത് നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന പ്രൊഫഷണലുകളായ 40 വയസ്സില്‍ കുറഞ്ഞ വ്യക്തികളെയാണ് കോണ്‍ഗ്രസ് റിക്രൂട്ട് ചെയ്യുന്നത്. ഹിന്ദി ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയണമെന്നതും മറ്റൊരു പ്രധാന യോഗ്യതയാണ്.

കൂടാതെ സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് അനുകൂല പോസ്റ്റുകളിലൂടെ കൂടുതല്‍ പേരെ കൈയ്യിലെടുക്കാന്‍ പറ്റുന്ന ചെറുപ്പക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമ വക്താക്കളായി മാറ്റുവാനും പാര്‍ട്ടി ആലോചനയുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here