മൂക്ക് കൊണ്ട് ഷൂ തുടപ്പിച്ച് പൊലീസുകാരന്‍

ലഖ്‌നൗ: യുവാവിനെ മൂക്ക് കൊണ്ട് ഷൂ തുടപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി എസ്പി അജയ് ശങ്കറാണ് കോണ്‍സ്റ്റബിള്‍ വീജേന്ദ്ര സിംഗ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പൊലീസുകാരന് പണികിട്ടിയത്. തിങ്കളാഴ്ചയാണ് സംഭവം. സംഭവത്തെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയപ്പോള്‍ ഉദ്യോഗസ്ഥന്റെ ഭാഗത്തുള്ള പിഴവ് കണ്ടെത്തിയത് കൊണ്ടാണ് നടപടി സ്വീകരിച്ചതെന്ന് അജയ് ശങ്കര്‍ പറഞ്ഞു.

കൗറ സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലെ രണ്ട് പേര്‍ തമ്മിലുണ്ടായ
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ് പോലീസ് ഇടപെട്ടത്. ഒരു ചടങ്ങില്‍ ഡിജെയായി പ്രവര്‍ത്തിക്കാന്‍ സുധീര്‍ കുമാര്‍ എന്നയാളോട് രവി യാദവ് എന്നയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ പരിപാടി നടന്നില്ല. അതിന്റെ പേരില്‍ ഏറ്റിരുന്ന 2000 രൂപ കുമാറിന് നല്‍കാന്‍ യാദവ് തയ്യാറായില്ല. ഇതൊചൊല്ലിയുള്ള തര്‍ക്കത്തിനിടെ കുമാര്‍ യാദവിനെ അടിച്ചു.

യാദവിന്റെ പരാതിയില്‍ കുമാറിനെ പിടികൂടാന്‍ കോണ്‍സ്റ്റബിള്‍ വീജേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അയാളുടെ വീട്ടിലെത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച കുമാറിനെ പോലീസുകാര്‍ പിടികൂടി. ഇതിനിടെ വീജേന്ദ്ര സിംഗ് കുമാറിനെ നിലത്ത് കിടത്തി മൂക്ക് കൊണ്ട് തന്റെ ഷൂ തുടപ്പിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് വിജേന്ദ്ര കുമാറിന് പണികിട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here