മദ്യം വാങ്ങുന്നവര്‍ പശു സെസ് കൊടുക്കണം

ജയ്പൂര്‍ : രാജസ്ഥാനില്‍ ഇനി മദ്യം വാങ്ങുന്നവരില്‍ നിന്ന് പശുസെസും ഈടാക്കാന്‍ നീക്കം. മദ്യവിലയ്‌ക്കൊപ്പം സര്‍ചാര്‍ജ് ആയി ഈ തുക ഈടാക്കാനാണ് നീക്കം. എത്ര തുകയാണ് സെസ് ആയി ചുമത്തുകയെന്ന് വ്യക്തമായിട്ടില്ല. ഇത്തരത്തില്‍ സ്വരുക്കൂട്ടുന്ന തുക പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി വിനിയോഗിക്കുകയാണ് ലക്ഷ്യം.

ഇതുസംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തെന്നാണ് റിപ്പോര്‍ട്ട്. ഫലത്തില്‍ വിദേശമദ്യത്തിനും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിനും വില വര്‍ധിക്കും. ഇതാദ്യമായല്ല രാജസ്ഥാന്‍ സര്‍ക്കാര്‍ പശുസെസ് ഈടാക്കുന്നത്.

കഴിഞ്ഞവര്‍ഷം മുതല്‍ ഭൂമിയിടപാടില്‍ സ്റ്റാമ്പ് ഡ്യൂട്ടിയോടൊപ്പം പശുസെസ് ഈടാക്കുന്നുണ്ട്. ഈ തുക 20 ശതമാനമായി വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇത്തരത്തില്‍ ആകെ 500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

പശുക്കള്‍ കൂട്ടത്തോടെ ചാകുന്നത് രാജസ്ഥാനില്‍ നിന്ന് ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പശുസെസ് വര്‍ധിപ്പിക്കുകയും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നത്. പശുക്ഷേമത്തിനായി രാജസ്ഥാനില്‍ ഗോപാലന്‍ എന്ന പേരില്‍ പ്രത്യേക വകുപ്പുതന്നെയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here