പരിക്കേറ്റ കിടാവിനെ ആശുപത്രിയില്‍ കൊണ്ട് പോകവെ പിന്നാലെ ഓടിയ അമ്മ പശു നൊമ്പര കാഴ്ച്ചയായി

ഹവേരി :പരിക്കേറ്റ പശുക്കുട്ടിയെ ആശുപത്രിയിലേക്ക് വാഹനത്തില്‍ കൊണ്ട് പോകുമ്പോള്‍ പിന്നാലെ പിന്തുടര്‍ന്ന് ഓടിയ അമ്മപശുവിന്റെ വീഡിയോ വൈറലാവുന്നു. മാതൃത്വത്തിന്റെ മഹത്വം മനുഷ്യരിലെന്ന പോലെ മൃഗങ്ങളിലും എത്ര മാത്രം തീവ്രമാണെന്ന്  വ്യക്തമാക്കുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍.കര്‍ണ്ണാടകയിലെ ഹവേരി ജില്ലയില്‍ നിന്നാണ് കണ്ട് നില്‍ക്കുന്ന എവരേയും കണ്ണീരില്‍ ആഴ്ത്തുന്ന ഈ വീഡിയോ പുറത്ത് വരുന്നത്. ജനുവരി 25 നാണ് വീണ് പരിക്കേറ്റ് ഗുരുതര നിലയിലായിരുന്ന കുട്ടി പശുവിനെയും വാഹനത്തില്‍ കയറ്റി ഉടമസ്ഥന്‍ മൃഗാശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ഇറങ്ങിയത്. കിടാവിന് പരിക്ക് പറ്റിയത് തൊട്ട് അമ്മ പശു കുട്ടിയുടെ അരികില്‍ നിന്നും മാറിയിരുന്നില്ല.അബോധാവസ്ഥയിലായ തന്റെ കുട്ടിയേയും എടുത്ത് ആശുപത്രിയിലേക്ക് ഉടമസ്ഥന്‍ പോകുന്നത് കണ്ട അമ്മപശു വെപ്രാളത്തോടെ വാഹനത്തിന് പിന്നാലെ ഓടി. ഹവേരിയിലെ ജയപ്രകാശ് നാരായണ്‍ സര്‍ക്കിള്‍ തൊട്ട് അര കിലോമീറ്ററോളം ദൂരമുള്ള മൃഗാശുപത്രി വരെ അമ്മപശുവും വാഹനത്തിനൊപ്പം ഓടി. അവസാനം മൃഗാശുപത്രിയിലെത്തി കിടാവിനെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ അമ്മ പശു പുറത്ത് സങ്കടത്തോടെ കുട്ടിയെ നോക്കി നിന്നതും ഏവരുടെയും കണ്ണ് നിറയ്ക്കുന്ന കാഴ്ച്ചയായി.ആശുപത്രിയില്‍ കുട്ടിയുടെ അടുത്ത് തന്നെയായിരുന്നു അമ്മപശു കിടന്നിരുന്നത്. ഞായറാഴ്ച കിടാവിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. അമ്മയും കുട്ടിയും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here