പ്രതികളെ സിപിഎം പുറത്താക്കും

മട്ടന്നൂര്‍ :യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകരെ പുറത്താക്കാന്‍ ഒരുങ്ങി സിപിഎം. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കന്‍ സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

തൃശൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ശേഷമായിരിക്കും നടപടി. കഴിഞ്ഞ ഫെബ്രുവരി 12 ാം തീയതി രാത്രിയിലാണ് മട്ടന്നൂരിലെ എടയന്നൂര്‍ സ്വദേശിയായ ഷുഹൈബ് തട്ടുകടയില്‍ വെച്ച് ചായ കുടിച്ച് കൊണ്ടിരിക്കെ അക്രമികളാല്‍ വെട്ടി കൊല ചെയ്യപ്പെടുന്നത്.കേസില്‍ തങ്ങളുടെ പങ്ക് നിഷേധിച്ച് ആദ്യം സിപിഎം ജില്ലാ നേതൃത്ത്വമടക്കം രംഗത്ത് വന്നിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി അംഗങ്ങള്‍  പിടിയിലായതോടെ സിപിഎം ഏറെ വെട്ടിലായി.

ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നീ സിപിഎം പ്രവര്‍ത്തകരെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ ജില്ലാ സെക്രട്ടറി പി,ജയരാജന്‍ തന്നെ പ്രതികള്‍ സിപിഎം അംഗങ്ങളാണെന്ന് സ്ഥിരീകരിച്ച് രംഗത്ത് വന്നിരുന്നു.

സംസ്ഥാന തലത്തില്‍ തന്നെ പാര്‍ട്ടി ഈ വിഷയത്തില്‍ പ്രതിരോധത്തിലായി. ഈ സാഹചര്യത്തിലാണ് പ്രതികളെ പുറത്താക്കാനുള്ള നടപടികളുമായി സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here