തോല്‍വിക്ക് ശേഷം യോഗി ആരാധകന്റെ പ്രതിഷേധം

കാന്‍പൂര്‍ :അടുത്തിടെ യുപിയിലെ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ തിരിച്ചടിയുടെ ഞെട്ടലില്‍ നിന്നും പാര്‍ട്ടി ക്യാംപുകള്‍ പതുക്കെ തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ബിജെപിയുടെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇവ അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കുകയില്ല.

പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ ജനസ്വാധീനമുള്ള ബിജെപി  നേതാവാണ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായ ഗൊരഖ്പൂരില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി പ്രവര്‍ത്തകര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. കാന്‍പൂര്‍ സ്വദേശിയായ അരുണ്‍ കുമാര്‍ എന്ന പ്രവര്‍ത്തകനും ഈ ഞെട്ടലില്‍ നിന്നും വിമുക്തമായിട്ടുണ്ടായിരുന്നില്ല.

കഴിഞ്ഞ 16 വര്‍ഷമായി ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ് അരുണ്‍ കുമാര്‍. ഏറ്റവും ഇഷ്ടപ്പെട്ട നേതാവും യോഗി ആദിത്യ നാഥ് തന്നെ. തന്റെ ഗുരുവായാണ് യോഗിയെ അരുണ്‍ മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും മുടങ്ങാതെ സ്വാമിയെ കണ്ട് ദര്‍ശനം വാങ്ങാറുണ്ടെന്നും അരുണ്‍ പറയുന്നു.

അതു കൊണ്ട് തന്നെ ഗൊരഖ്പൂരിലെ തിരിച്ചടി അരുണ്‍ കുമാറിനെ മാനസികമായി വല്ലാതെ തളര്‍ത്തി. തോല്‍വി കഴിഞ്ഞുള്ള ആദ്യ ദിവസങ്ങളില്‍ അരുണ്‍ കുമാര്‍ ജലപാനം പോലും കഴിച്ചില്ലെന്ന് ഇയാളുടെ മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഗംഗാ നദിക്കരയിലേക്ക് പോയ യുവാവ് ശരീരമാസകലും പൂഴി ഇട്ട് മൂടാന്‍ ശ്രമിക്കുകയായിരുന്നു.

തന്റെ ഗുരുവിന്റെ മണ്ഡലത്തിലെ തോല്‍വി സഹിക്കാവുന്നതിലുമപ്പുറമാണെന്നും അതു കൊണ്ട് തന്നെ മണ്ണിട്ട് മൂടി താന്‍ സ്വയം ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുകയാണെന്നും അരുണ്‍ കുമാര്‍ പ്രഖ്യാപിച്ചു. യുവാവിന്റെ പ്രഖ്യാപനം കേട്ട് നദിക്കരയില്‍ ഉള്ളവരെല്ലാം അമ്പരന്ന് പോയി. യുവാവ് ശരീരമാസകലം മണല്‍ കൊണ്ട് മൂടുവാന്‍ തുടങ്ങി.

ഇതിനിടയില്‍ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അരുണ്‍ കുമാര്‍ ചെവിക്കൊണ്ടില്ല. ഏഴ് മണിക്കൂറോളം യുവാവ് ശരീരം പാതി മൂടി ഗംഗതടത്തില്‍ കണ്ണടച്ചിരുന്നു. അവസാനം പ്രദേശ വാസികള്‍ ചേര്‍ന്ന് യുവാവിനെ വീട്ടിലെത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here