പേരുമാറ്റി മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാക്കും; യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ നടി അറസ്റ്റില്‍

ചെന്നൈ: മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ പേര് മാറ്റി രജിസ്റ്റര്‍ ചെയ്ത്, യുവാക്കളുമായി പരിചയപ്പെട്ട് പ്രണയത്തിലായി അവരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത തമിഴ്‌നടി അറസ്റ്റില്‍. റിലീസ് ചെയ്യാത്ത തമിഴ് സിനിമ ‘ആടി പോണ ആവണിയിലെ’ നായിക ശ്രുതി പട്ടേലാണ് അറസ്റ്റിലായത്. അഞ്ചിലധികം യുവാക്കളാണ് ശ്രുതിയുടെ ചതിയില്‍പ്പെട്ടത്. ലക്ഷങ്ങളാണ് നടി ഇവരില്‍ നിന്നും തട്ടിയെടുത്തതെന്നാണ് വിവരം. ഏറ്റവും ഒടുവില്‍ ഇരുപത്തിയൊന്നുകാരിയായ ശ്രുതിയുടെ തട്ടിപ്പിന് ഇരയായത് ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. ഇയാളുടെ പരാതിയിലാണ് നടിയിപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. എഞ്ചിനീയറില്‍ നിന്നും 41 ലക്ഷത്തോളം രൂപയാണ് നടിയും കുടുംബവും ചേര്‍ന്ന് തട്ടിയെടുത്തതെന്നാണ് പരാതി. ജര്‍മ്മനിയിലെ ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സേലം സ്വദേശിയായ ബാലമുരുകനാണ് പരാതി നല്‍കിയത്. ബാലമുരുകനുമായി ശ്രുതി പരിചയത്തിലാകുന്നത് മൈഥിലി വെങ്കിടേഷ് എന്ന പേരിലാണ്. ശ്രുതി തന്റെ സ്വന്തം ഫോട്ടോകള്‍ ബാലമുരുകന് അയച്ചുകൊടുക്കുകയും, പരസ്പരം നമ്പര്‍ കൈമാറുകയും ചെയ്തു. പിന്നീട് ഇരുവരും ഫോണ്‍വിളിക്കുകയും പ്രണയത്തിലാവുകയുമായിരുന്നു. ശ്രുതിയെ നേരില്‍ കാണുന്നതിനായി ഇയാള്‍ യുകെയിലേക്ക് ക്ഷണിച്ച് വിമാനടിക്കറ്റ് അയച്ചു കൊടുത്തു. അവിടെ ബാലമുരുകന്‍ ഇവര്‍ക്കുവേണ്ടി ലക്ഷങ്ങളാണ് ചെലവാക്കിയത്. പിന്നീട് ബാലമുരുകന്‍ കോയമ്പത്തൂരില്‍ വരികയും ശ്രുതിക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ശ്രുതി പതിവ് പോലെ തന്റെ നാടകം ആരംഭിച്ചു. തനിക്ക് ബ്രെയിന്‍ ട്യൂമറാണെന്ന് പറഞ്ഞ് ശ്രുതി ഇയാളില്‍ നിന്ന് പലപ്പോഴായി 41 ലക്ഷത്തോളം രൂപ വാങ്ങി. ഈസമയം ബാലമുരുകന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന കുട്ടിയാണെന്ന് പറഞ്ഞ് ശ്രുതിയുടെ ഫോട്ടോ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ ഇവരെ തിരിച്ചറിഞ്ഞു. ഇതോടെ നടി തട്ടിപ്പുകാരിയാണെന്ന് മനസിലായി. ഇതോടെ ഇയാള്‍ കേസ് കൊടുക്കുകയായിരുന്നു. നടി ഇതിനോടകം അഞ്ചിലധികം യുവാക്കളില്‍ നിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തതെന്ന് അന്വേഷണസംഘം കണ്ടെത്തി. കെ സന്തോഷ്‌കുമാര്‍ എന്നയാളില്‍ നിന്നും 43 ലക്ഷം തട്ടി. ഇതുപോലെ നാമക്കലിലെ ശശികുമാര്‍ എന്നയാളില്‍ നിന്നും 22 ലക്ഷവും, നാഗപട്ടണത്തെ സുന്ദറില്‍ നിന്നും 15 ലക്ഷവും, കൂടല്ലൂര്‍ ചിദംബരത്തെ കുമാരഗുരുവ രാജയില്‍ നിന്നും 21 ലക്ഷവും ശ്രുതി തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. 

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here