പ്രതിമ തകര്‍ത്ത പ്രതി പിടിയില്‍

കണ്ണൂര്‍ : തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമ തകര്‍ത്ത പ്രതി പിടിയില്‍. പരിയാരം കാലിയാര്‍ ശിവക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ദിനേശനാണ് പൊലീസ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോട് കൂടിയാണ് ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രതിമയുടെ കണ്ണടയും മാലയും തകര്‍ത്തു.

ആരും കാണാതെ കൃത്യം ചെയ്യാനായി പുലര്‍ച്ചെ തന്നെ പ്രതിമയ്ക്കരികില്‍ എത്തിയ പ്രതിക്ക് കണക്ക് കൂട്ടലുകള്‍ തെറ്റി. തൊട്ടടുത്തുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലെ ആര്‍ടി ഓഫീസില്‍ ക്യൂവില്‍ നിന്നിരുന്ന ആളുകള്‍ ദിനേശന്റെ പ്രവൃത്തികള്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പ്രതി ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

ഓടിയെത്തിയ പ്രതി ഗാന്ധിപ്രതിമയുടെ ഇരു കവിളുകളിലും മാറി മാറി അടിക്കാന്‍ തുടങ്ങി. ശേഷം പ്രതിമയുടെ കണ്ണടയും മാലയും തകര്‍ത്തു. ആര്‍ടി ഓഫീസിലെ ക്യൂവില്‍ നിന്നൊരാള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. ചിത്രങ്ങളില്‍ കാവി മുണ്ടുടുത്ത ഇയാള്‍ പ്രതിമയ്ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയ ശേഷം ബസ് സ്റ്റാന്‍ഡിനടുത്തേക്ക് നടന്ന് നീങ്ങുന്നത് വ്യക്തമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here