ഉത്തരക്കടലാസില്‍ നോട്ട് മഴ

ഫിറോസാബാദ് :പരീക്ഷയില്‍ തോല്‍ക്കാതിരിക്കാന്‍ ഉത്തരക്കടലാസില്‍ നോട്ടുകെട്ടുകള്‍ തുന്നിച്ചേര്‍ത്ത് വിദ്യാര്‍ത്ഥികള്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. ആഗ്രയിലെ ഡോ. ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ വെച്ച് നടന്ന 12 ാം തരം പരീക്ഷയിലാണ് കുട്ടികള്‍ ഉത്തരക്കടലാസിനുള്ളില്‍ നോട്ടുകള്‍ തുന്നിച്ചേര്‍ത്ത നിലയില്‍ കാണപ്പെട്ടത്.

100,50,500 ന്റെ നോട്ടുകളാണ് പലരും തങ്ങളുടെ ഉത്തരപേപ്പറില്‍ തുന്നിക്കെട്ടിയിരിക്കുന്നത്. പരീക്ഷയില്‍ മാര്‍ക്കിടുന്ന അധ്യാപകരെ സ്വാധീനിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്തതെന്നാണ് സംശയിക്കപ്പെടുന്നത്. തനിക്ക് അസുഖം വന്നതിനെ തുടര്‍ന്ന് നല്ലവണ്ണം പഠിക്കാന്‍ സാധിച്ചില്ലെന്നും അതുകൊണ്ട് നിര്‍ധന കുടുംബാംഗമായ എന്നെ ഈ പണം സ്വീകരിച്ച് പരീക്ഷയില്‍ ജയിപ്പിക്കണമെന്നും വരെ ചിലര്‍ എഴുതി വെച്ചിട്ടുണ്ട്.

എന്നാല്‍ പരീക്ഷ നല്ല വണ്ണം എഴുതുവാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളാണ് ഈ വിധം പണം ഉത്തരക്കടലാസില്‍ തുന്നിച്ചേര്‍ക്കുന്നതെന്ന് അധ്യാപകര്‍ വ്യക്തമാക്കി. തങ്ങള്‍ ഈ പണം സ്വീകരിക്കാറില്ലെന്നും മറിച്ച് പഠന മികവ് നോക്കിയാണ് മാര്‍ക്കിടാറുള്ളതെന്നും അധ്യാപകര്‍ അറിയിച്ചു.

അതേ സമയം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനായി അനുവദിച്ച ഹാളിലെ സിസിടിവി ശരിയാം വണ്ണം പ്രവര്‍ത്തിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിഷയത്തില്‍ സര്‍ക്കാര്‍ തല അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here