താണ്ഡവമാടി മേകുനു; 12 വയസ്സുകാരി മരിച്ചു

താല്‍ക്കാലിക ക്യാംപിലേറ്റ് മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവര്‍

സലാല : ഒമാനിലെ സലാലയില്‍ വന്‍ നാശനഷ്ടം വിതച്ച് മേകുനു ചുഴലിക്കാറ്റ്. ദോഫാര്‍ ഗവര്‍ണറേറ്റില്‍ സഹല്‍നൂത്തില്‍ വീടിന്റെ ചുവര്‍ തകര്‍ന്ന് 12 വയസ്സുകാരി മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

മറ്റൊരപകടത്തില്‍ 3 ഏഷ്യന്‍ സ്വദേശികള്‍ക്ക് പരിക്കുണ്ട്. എന്നാല്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ദോഫാര്‍ മേഖലയിലാണ് മേകുനു കൂടുതല്‍ ദുരന്തം വിതച്ചത്. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

തീരദേശ മേഖലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ സമയ കോള്‍സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. 24441999 നമ്പറിലാണ് അധികൃതരെ ബന്ധപ്പെടേണ്ടത്.

മേഖലയില്‍ കനത്ത മഴ തുടരുന്നുണ്ട് 800 മില്ലീമീറ്റര്‍വരെ മഴ പ്രതീക്ഷിക്കാമെന്നാണ് അറിയിപ്പ്. പതിനായിരത്തോളം പേരെ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മേഖലയിലുള്ളവര്‍ വീടുകള്‍ക്ക് അകത്തുതന്നെ തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ചില മേഖലകളില്‍ ഒറ്റപ്പെട്ടുപോയവരെ അധികൃതര്‍ രക്ഷിച്ചു. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ രണ്ട് കപ്പലുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഐഎന്‍എസ് ദീപക്, ഐഎന്‍എസ് കൊച്ചി എന്നിവയുടെ സേവനമാണ് ലഭ്യമാക്കുന്നത്.

175 കിലോമീറ്റര്‍ വേഗതയിലാണ് മേകുനു വീശിയടിക്കുന്നത്. ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സലാല വിമാനത്താവളം ഒരു ദിവസത്തേക്ക് കൂടി അടച്ചിട്ടുണ്ട്.. നേരത്തെ 24 മണിക്കൂര്‍ നേരത്തേക്കായിരുന്നു അടച്ചത്.

ഇത് 24 മണിക്കൂര്‍ കൂടി വര്‍ധിപ്പിക്കുകയായിരുന്നു. തക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചാണ് മേകുനു ചുഴലിക്കാറ്റായി മാറിയത്. ലക്ഷദ്വീപിന് പടിഞ്ഞാറും മാലിദ്വീപിന് വടക്കുപടിഞ്ഞാറുമായിട്ടാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here