മേകുനു ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തേക്ക്

സലാല : മേകുനു ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തോടടുക്കുന്നു. ഇപ്പോള്‍ ഒമാന്‍ തീരത്തുനിന്ന് ഏതാണ്ട് 140 കിലോമീറ്റര്‍ അലെയാണ് മേകുനുവെന്ന് കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം വ്യക്തമാക്കുന്നു.

175 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്. വൈകീട്ട് നാലിനും രാത്രി 12 നും ഇടയില്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സലാലയിലും പരിസരങ്ങളും ശക്തമായ മഴയനുഭവപ്പെടുന്നുണ്ട്.

മേകുനു ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സലാല വിമാനത്താവളം ഒരു ദിവസത്തേക്ക് കൂടി അടച്ചിട്ടു. നേരത്തെ 24 മണിക്കൂര്‍ നേരത്തേക്കായിരുന്നു അടച്ചത്. ഇത് 24 മണിക്കൂര്‍ കൂടി വര്‍ധിപ്പിക്കുകയായിരുന്നു.

തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചാണ് മേകുനു ചുഴലിക്കാറ്റായി മാറിയത്. അറേബ്യന്‍ കടലില്‍ വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. ഒമാന്‍ തീരത്ത് ഇതിന്റെ പ്രത്യാഘാതമുണ്ടായേക്കും.

വരും മണിക്കൂറില്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തെത്തിയേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടെ ഇന്നും നാളെയും ശക്തമായ ഇടിമിന്നലുകളോടുകൂടി മഴ തുടരും.

ലക്ഷദ്വീപിന് പടിഞ്ഞാറും മാലിദ്വീപിന് വടക്കുപടിഞ്ഞാറുമായിട്ടാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം.

തീരമേഖലയിലുള്ളവര്‍ ഇവിടെ നിന്ന് മാറി നില്‍ക്കണമെന്നും ആവശ്യപ്പെട്ടു. സലാലയിലെ സുല്‍ത്താന്‍ ഖബൂസ് ഹോസ്പിറ്റലില്‍ നിന്ന് രോഗികളെയെല്ലാം മാറ്റിയിട്ടുണ്ട്.

വ്യോമസേനയുടെ സഹായത്തോടെ ആരോഗ്യ മന്ത്രാലയത്തിന്റേതാണ് നടപടി. സലാലയിലെ സൈനിക ആശുപത്രിയിലേക്കാണ് രോഗികളെ മാറ്റിയിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here