പുരസ്‌കാരം നിരസിച്ച് രൂപ ഐപിഎസ്

ബംഗളൂരു : വന്‍തുകയുടെ പുരസ്‌കാരം നിഷേധിച്ച് കര്‍ണാടക ഐജി ഡി. രൂപ. നമ്മ ബംഗളൂരു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് രൂപ തിരസ്‌കരിച്ചത്. ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്‍ എംപിയാണ് ഫൗണ്ടേഷന്റെ സാമ്പത്തിക സ്രോതസ്സ്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവിലുള്ള ശശികലയ്ക്ക്‌ ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്ന് തെളിവുകള്‍ സഹിതം പുറത്തുവിട്ട ഐപിഎസുകാരിയാണ് രൂപ . വന്‍തുകയുടെ ഈ അവാര്‍ഡ് സ്വീകരിക്കാന്‍ തന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്ന് പുരസ്‌കാര സമിതിക്ക് അയച്ച കത്തില്‍ രൂപ വ്യക്തമാക്കി.

സര്‍ക്കാര്‍ സേവകയെന്ന നിലയില്‍ എല്ലാ സംഘടനകളോടും തുല്യ അകലം പാലിക്കാനും നിഷ്പക്ഷത പുലര്‍ത്താനും താന്‍ ബാധ്യസ്ഥയാണ്. എങ്കിലേ പൊതുജനത്തിന് മുന്നില്‍ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. വിശേഷിച്ച് തെരഞ്ഞെടുപ്പ് ആസന്നമായ ഈ ഘട്ടത്തില്‍ അത് അനിവാര്യവുമാണെന്നും രൂപ പരാമര്‍ശിക്കുന്നു.

രാജീവ് ചന്ദ്രശേഖരന്‍ എംപി സാമ്പത്തിക സ്രോതസ്സായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്റെ ഒന്‍പതാമത് പുരസ്‌കാര ദാനമാണിത്. ഡി.രൂപയുള്‍പ്പെടെ 7 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ജയില്‍ ഡിഐജിയായിരിക്കെയാണ് രൂപ, ശശികലയ്ക്ക് തടവില്‍ വിഐപി പരിഗണന ലഭിക്കുന്നതിന്റ നിര്‍ണ്ണായക തെളിവുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

പരപ്പന അഗ്രഹാര ജയിലിലെ സ്വതന്ത്ര വിഹാരത്തിനായി ശശികല 2 കോടി രൂപ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായും രൂപയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നതുമായിരുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here