ദലേര്‍ മെഹന്ദിക്ക് രണ്ട് വര്‍ഷത്തെ തടവുശിക്ഷ

ന്യൂഡല്‍ഹി : പ്രശസ്ത പോപ് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. മനുഷ്യക്കടത്ത് കേസിലാണ് ശിക്ഷാവിധി. എന്നാല്‍ വിധി പ്രസ്താവിച്ച് മിനുട്ടുകള്‍ക്കകം തന്നെ പട്യാല കോടതി ഇദ്ദേഹമുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യവും നല്‍കി.

ദലേര്‍ മെഹന്ദിയും സഹോദരന്‍, ഷംഷേര്‍ സിങ്ങും ചേര്‍ന്ന് തങ്ങളുടെ സംഗീത ട്രൂപ്പിന്റെ ഭാഗമാണെന്ന വ്യാജേന അനധികൃതമായി ആളുകളെ അമേരിക്കയിലേക്ക് കടത്തിയെന്നാണ് കേസ്. ഇതിനായി ഇരുവരും വന്‍ തുകയും കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു.

1998 ലും 99 ലും ഇവര്‍ രണ്ട് സംഘങ്ങള്‍ക്കൊപ്പം പത്ത് പേരെയാണ് അമേരിക്കയിലേക്ക് കടത്തിയത്. ഒരു നടിയുള്‍പ്പെട്ട സംഘത്തിനൊപ്പം മൂന്ന് പെണ്‍കുട്ടികളെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കും നടന്‍മാരുടെ സംഘത്തിനൊപ്പം ആണ്‍കുട്ടികളെ ന്യൂജേഴ്‌സിയിലേക്കും കടത്തി.

ബക്ഷിഷ് സിങ് എന്നയാളുടെ പരാതിയില്‍ പട്യാല പൊലീസ് കേസെടുത്തതിന് പിന്നാലെ 35 പരാതികള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹി കോണാട്ട് പ്ലേസിലെ ദലേര്‍ മെഹന്ദിയുടെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ സാമ്പത്തിക ഇടപാടുകളുടെ നിരവധി രേഖകള്‍ പിടിച്ചെടുത്തു.

90 കളില്‍ പഞ്ചാബി ഭങ്ക്‌റ വീഡിയോ ആല്‍ബങ്ങളിലൂടെയാണ് ദലേര്‍ മെഹന്ദി പ്രശസ്തനായത്. പിന്നീട് ഏറെക്കാലം പോപ് സംഗീത രംഗത്ത് ദലേറിന്റെ ഗാനങ്ങള്‍ തരംഗമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here