ദളിത് യുവാവിനെ അടിച്ചുകൊന്നു

കടപ്പ: ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ അടിച്ചുകൊന്നു. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ ഖാജിപ്പേട്ട് മണ്ഡലിലാണ് സംഭവം.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വൈ വിജയകുമാര്‍ (19)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും അമ്മാവനേയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി വിജയകുമാര്‍ പതിനെട്ടുകാരിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.

ഇരുവരും തമ്മില്‍ സൗഹൃദമാണെന്നാണ് ആദ്യം വീട്ടുകാര്‍ കരുതിയത്. എന്നാല്‍ ഇവര്‍ പ്രണയത്തിലാണെന്നും ദിവസവും കാണാറുണ്ടെന്നും വീട്ടുകാര്‍ അറിഞ്ഞത്. വിജയകുമാര്‍ ദളിതനാണെന്നും കൂടി അറിഞ്ഞതോടെവീട്ടുകാര്‍ ബന്ധത്തെ ശക്തമായി എതിര്‍ത്തു.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രദേശത്തെ ധനിക കുടുംബമാണ്. വിജയകുമാറിന്റെ പിതാവ് നേരത്തേ മരിച്ചതാണ്. അമ്മ ഒരു ഫാമില്‍ കൂലപ്പണി ചെയ്യുകയാണ്. കഴിഞ്ഞ ദിവസം വിജയകുമാര്‍ പെണ്‍കുട്ടിക്കെഴുതിയ കത്ത് വീട്ടുകാര്‍ കണ്ടെടുത്തു.

ഫോണില്‍ വന്ന മെസേജുകളും കണ്ടെത്തി. പെണ്‍കുട്ടി വിജയകുമാറിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളുവെന്ന് വാശിയും പിടിച്ചതോടെ മാര്‍ച്ച് 10ന് രാത്രി യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി.

രാത്രി വീട്ടിലെത്തിയ വിജയകുമാറിനെ ടെറസില്‍ കൊണ്ടുപോയി പിതാവ് മഹേഷ് റെഡ്ഡിയും അമ്മാവനും ചേര്‍ന്ന് മര്‍ദ്ദിച്ചു. തടി കൊണ്ട് വിജയകുമാറിന്റെ തലക്കടിക്കുകയും ചെയ്തു.

ഈ സമയം പെണ്‍കുട്ടിയെ വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു. അടിയുടെ ആഘാതത്തില്‍ വിജയകുമാര്‍ മരിച്ചു. ടെറസില്‍ മൃതദേഹം ഉപേക്ഷിച്ച മഹേഷും സാമ്പശിവയും പിറ്റേദിവസം അത് ഗാഞ്ജീരഡപ്പള്ളിയിലുള്ള റെയില്‍വേ ട്രാക്കില്‍ കൊണ്ടിടുകയും ചെയ്തു.

കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ മകനെ കാണാനില്ലെന്ന് കാണിച്ച് വിജയകുമാറിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നതും പെണ്‍കുട്ടിയുടെ അമ്മയെ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പല തവണ വിജയകുമാറിനേയും അമ്മയേയും ഭീഷണിപ്പെടുത്തിയിരുന്നതായി ഡെപ്യൂട്ടി എസ്പി കെ ശ്രീനിവാസലു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here