വൈശാലി :ദളിത് യുവാവിന്റെ വിവാഹ സംഘത്തിന് നേരെ ഉയര്‍ന്ന ജാതിക്കാരുടെ ആക്രമണം. ബിഹാറിലെ വൈശാലി ജില്ലയിലുള്ള രാജാ പാകര്‍ എന്ന പ്രദേശത്താണ് രാജ്യത്തെ വീണ്ടും നാണം കെടുത്തി ദളിതര്‍ക്ക് നേരെ ആക്രമണം നടന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം അരങ്ങേറിയത്.
വൈശാലി സ്വദേശിയായ ദളിത് യുവാവ് സുധീര്‍ പാസ്വാന്റെ വിവാഹ ഘോഷ യാത്ര വധുവിന്റെ വീട്ടിലേക്കായി രാജാപാകര്‍ പ്രദേശത്ത് കൂടി കടന്നു പോകവേയായിരുന്നു സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്.
ഉച്ചത്തില്‍ സംഗീതം വെച്ചായിരുന്നു ഘോഷയാത്ര കടന്നു പോയത്. ഈ പാട്ടിന്റെ ശബ്ദം കുറയ്ക്കണമെന്നാവശ്യപ്പെട്ട് അടുത്തെത്തിയ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ചിലര്‍ സംഘത്തിനെതിരെ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയാനും തുടങ്ങി.
ഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ള നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു, വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. നേരത്തേയും ഈ മേഖലയില്‍ ദളിത് വിവാഹ ഘോഷയാത്രകള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുക പതിവായിരുന്നു. ഇതു കാരണം ഘോഷയാത്രയ്ക്ക് പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സംഘടിതമായ ആക്രമണത്തില്‍ കയ്യും കെട്ടി നോക്കി നില്‍ക്കാനേ പൊലീസിനും സാധിച്ചുള്ളൂ.