കോഴിക്കോട് സൗത്ത് ബീച്ചില്‍ ഒരു വ്യക്തി കൂടി മരിച്ച നിലയില്‍

കോഴിക്കോട് :കോഴിക്കോട് സൗത്ത് ബീച്ചില്‍ ഒന്നരമാസത്തിനിടെ വീണ്ടും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. കൊമ്മേരി സ്വദേശി മുജീബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യില്‍ ഒരു മദ്യകുപ്പിയും പിടിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

ഇയാള്‍ കടുത്ത ലഹരിക്കടിമയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വായില്‍ നിന്നും ചോര പുറത്തേക്ക് ഒലിച്ചിറങ്ങിയിട്ടുണ്ട്. ലഹരി ഉപയോഗത്തിനിടെ മരിച്ചതാകാമെന്നാണ് കരുതപ്പെടുന്നത്. പ്രദേശത്തെ ലോറികളില്‍ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ലോറി സ്റ്റാന്‍ഡിനോട് ചേര്‍ന്ന് അടുത്തിടെ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായി നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

ഒന്നരമാസം മുമ്പ് തെക്കും കടവ് സ്വദേശി ഹസ്സന്‍ കോയയേയും സമാന സാഹചര്യത്തില്‍ ഈ പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മരണ കാരണവും അമിത ലഹരി ഉപയോഗമാണെന്ന് പിന്നീട് തെളിഞ്ഞു . കാട് പിടിച്ച സ്ഥലവും പഴയ ഒഴിഞ്ഞ കെട്ടിടങ്ങളുമാണ് ഇവിടം ലഹരി ഉപയോക്താക്കള്‍ പെരുകുന്നതിനുള്ള പ്രധാന കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

രാത്രികളില്‍ ഈ ഭാഗങ്ങളില്‍ പൊലീസ് പരിശോധന ഉണ്ടാവാറില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. രണ്ട് പേര്‍ സമാന സാഹചര്യത്തില്‍ മരണപ്പെട്ടത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം അരംഭിച്ചിരിക്കുകയാണ് പൊലീസ് സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here