വധശിക്ഷയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

ഡല്‍ഹി :കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം അവസാനിപ്പിക്കാന്‍ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്ന ഓര്‍ഡിനന്‍സിന്
കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

16 നും 12 നും ഇടയിലുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടിയും ഓര്‍ഡിനന്‍സ് ഉറപ്പ് വരുത്തുന്നു. വിദേശ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ പ്രധാനമന്ത്രി ആദ്യമായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ആ ഓര്‍ഡിനന്‍സ് ചര്‍ച്ചയ്‌ക്കെടുത്തത്. ഇത്തരം കേസുകളിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയമാണ് ശനിയാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് വെച്ചത്. കത്‌വാ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള ജനരോക്ഷത്തെ തുടര്‍ന്നാണ് മന്ത്രിസഭ ഓര്‍ഡിനന്‍സിന് തിരക്കിട്ട് അംഗീകാരം നല്‍കിയത്. പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരിക്കുന്നത്.

അടുത്ത പാര്‍ലമെന്റ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കും. നിലവില്‍ പോക്‌സോ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ജീവപര്യന്തമാണ്. വായ്പാ കുടിശ്ശികയെ തുടര്‍ന്ന് രാജ്യം വിട്ട ബിസിനസ്സുകാരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

LEAVE A REPLY

Please enter your comment!
Please enter your name here