ഭര്‍ത്താവ് വഴക്കിട്ടതിനെ തുടര്‍ന്ന് 19 കാരി കിണറ്റില്‍ ചാടി ; രക്ഷിക്കാന്‍ ചാടിയ അമ്മ മരിച്ചു

കല്ലമ്പലം: ആത്മഹത്യ ചെയ്യാനായി കിണറ്റില്‍ ചാടിയ മകളെ രക്ഷിക്കാന്‍ ഒപ്പം ചാടിയ അമ്മ മരിച്ചു. മകളുടെ നില അതീവ ഗുരുതരമാണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനായി കിണറ്റില്‍ ചാടിയതായിരുന്നു 19കാരിയായ രമ്യ. മകളെ രക്ഷിക്കാനായി ഒപ്പം ചാടിയ പുതുശേരിമുക്ക് കയ്പടക്കോണം കുന്നുംപുറത്ത് പരേതനായ ശ്രീധരന്റെ ഭാര്യ രമ(46) ആണ് മരിച്ചത്. രമ്യയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. സമീപത്തെ മരണവീട്ടില്‍ പോയി മടങ്ങിവന്ന രമ്യയോട് മദ്യ ലഹരിയിലായിരുന്ന ഭര്‍ത്താവ് ഗിരീഷ് വഴക്കിടുകയായിരുന്നു. തുടര്‍ന്ന് രമ്യ വീടിന്റെ മുമ്പിലെ കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു. മകളെ രക്ഷിക്കാന്‍ രമ ഒപ്പം ചാടി. ഉടന്‍ ഇരുവരേയും രക്ഷിക്കാന്‍ ഗിരീഷ് കിണറ്റിലിറങ്ങിയെങ്കിലും അമ്പത് അടി താഴ്ചയുള്ള കിണറിന്റെ പകുതി എത്തിയപ്പോഴേക്കും നിലതെറ്റി കിണറ്റില്‍ വീണു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനസേനയെത്തി മൂവരേയും പുറത്തെടുത്തു. രമ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രമ്യയുടെ നില ഗുരുതരമായി തുടരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഗിരീഷ് സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here