അബുദാബിയില്‍ പ്രവാസിക്ക് വധശിക്ഷ

അബുദാബി :11 വയസ്സുകാരനായ ബാലനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ അബുദാബി അപ്പീല്‍ കോടതി ശരിവെച്ചു. പാക്കിസ്ഥാന്‍ സ്വദേശിയായ 33 വയസ്സുകാരനായ യുവാവിന്റെ വധശിക്ഷയാണ് അബുദാബി അപ്പീല്‍ കോടതി ശരി വെച്ചത്. കേസില്‍ നേരത്തെ ക്രിമിനല്‍ കോടതി യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

ഈ വിധി ശരിവെച്ച അപ്പീല്‍ കോടതി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് പ്രതി 200.000 ദര്‍ഹം(35,75,938.08 ഇന്ത്യന്‍ രൂപ) നഷ്ട പരിഹാരം നല്‍കണമെന്നും വിധിച്ചു. 2017 ജൂണ്‍ ഒന്നിനാണ് പാക്കിസ്ഥാന്‍ സ്വദേശിയായ 11 വയസ്സുകാരന്റെ മൃതദേഹം അബുദാബിയിലെ ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ വെച്ച് കണ്ടെത്തുന്നത്.

കുട്ടിയുടെ ബന്ധുവായ യുവാവ് തന്നെയാണ് പീഡനം നടത്തിയതിന് ശേഷം കൊല നടത്തിയത്. മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കാന്‍ പ്രതി സംഭവ സമയം സ്ത്രീകളുടെ വസ്ത്രമാണ് ധരിച്ചിരുന്നത്. കുട്ടിയെ വശീകരിച്ച് മുകളിലത്തെ നിലയിലേക്ക് കൊണ്ടു പോയ യുവാവ് പീഡനം നടത്തിയതിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ചാണ് പ്രതി കൊല നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

അതു കൊണ്ട് തന്നെ പ്രതി യാതോരു വിധത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. പ്രതിക്ക് എതിരായുള്ള എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടതായും കോടതി നിരീക്ഷിച്ചു. അതേസമയം താന്‍ തെറ്റുകാരനല്ലെന്ന് യുവാവ് അഭിഭാഷകന്‍ മുഖേന വാദിച്ചുവെങ്കിലും കോടതി ഇത് മുഖവിലയ്‌ക്കെടുത്തില്ല. നഷ്ട പരിഹാരമായി യുവാവ് നല്‍കേണ്ട പണം തങ്ങള്‍ക്ക് ആവശ്യമില്ലെന്നും യുവാവിന് വധശിക്ഷ ഉറപ്പാക്കണമെന്നുമായിരുന്നു കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here