കര്‍ണാടകയില്‍ ആര്‍എസ്എസിനെ നിരോധിക്കാന്‍ തിരക്കിട്ട കൂടിയാലോചനകളില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍

ബംഗളൂരു : കര്‍ണാടകയില്‍ ആര്‍എസ്എസിനെ നിരോധിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്താകെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ആര്‍എസ്എസ് നേതൃത്വം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധന നീക്കത്തില്‍ സര്‍ക്കാര്‍ ആലോചന നടത്തുന്നത്. അതോടൊപ്പം ബജ്‌റംഗദള്‍, ശ്രീരാമ സേന,എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളെയും നിരോധിക്കാനുള്ള നടപടികളും സ്വീകരിച്ചേക്കുമെന്നാണ് വിവരം.

ഇതിനായി ആര്‍എസ്എസ് ഉള്‍പ്പെടെ മുഴുവന്‍ സംഘടനകളും ഇക്കാലങ്ങളില്‍ നടത്തിയിട്ടുള്ള അക്രമങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും വര്‍ഗീയ പരിപാടികളുടെയും വിശദാംശങ്ങള്‍ ശേഖരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസുകളുടെ വിശദാംശങ്ങളും അക്രമങ്ങളുടെയും വര്‍ഗീയ പ്രസംഗങ്ങളുടെയും മറ്റും ദൃശ്യങ്ങളും ശേഖരിച്ച് സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നീക്കം.

തുടര്‍ന്ന് ഇക്കാര്യത്തില്‍ സിദ്ധരാമയ്യ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായും ആശയവിനിമയം നടത്തും. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രസ്തുത സംഘടനകളെ നിരോധിക്കുന്നത് ഏതുതരത്തില്‍ പ്രതിഫലിക്കുമെന്നത് സംബന്ധിച്ചുള്ള ചിന്തയുടെ ഭാഗമാണിത്. ആര്‍എസ്എസ്, പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിരോധന നടപടികള്‍ക്ക് ഹൈക്കമാന്‍ഡില്‍ നിന്ന് പച്ചക്കൊടി ലഭിച്ചാല്‍ സിദ്ധരാമയ്യ സര്‍ക്കാരില്‍ നിന്ന് ഇക്കാര്യത്തില്‍ ഊര്‍ജിത നീക്കങ്ങളുണ്ടാകും.

സംഘടനകളെ നിരോധിക്കണമെങ്കില്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യാനേ സംസ്ഥാന സര്‍ക്കാരിന് സാധിക്കുള്ളൂ.നിരോധന പ്രഖ്യാപനം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അല്ലെങ്കില്‍, സംഘടനകളുടെ നിരോധനം അനിവാര്യമാണെന്ന് അടിവരയിടുന്ന സമഗ്രമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് കോടതിയെ സമീപിക്കാം.

കഴിഞ്ഞ ദിവസം  മംഗളൂരുവില്‍ ദീപക് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മേഖലയില്‍ വ്യാപകമായ തോതില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഘടനകളെ നിരോധിക്കുന്നതാണ് ഉചിതമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിന്തിക്കുന്നത്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here