പിഞ്ചുബാലന്റെ മൃതദേഹം സ്യൂട്ട് കേസില്‍

ഡല്‍ഹി :ഏഴു വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളിലെ സ്യൂട്ട് കേസില്‍ ഒരു മാസത്തോളം സൂക്ഷിച്ച യുവാവ് പിടിയില്‍. ഉത്തര പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് ഏഴു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ അവദേഷ് സാക്യാ എന്ന യുവാവ് അറസ്റ്റിലായത്.

കഴിഞ്ഞ ജനുവരി ഏഴിനാണ് ബാലനെ കാണാതാവുന്നത്. ഡല്‍ഹിയില്‍ ഐഎഎസ് കോച്ചിംഗ് വിദ്യാര്‍ത്ഥിയാണ് സാക്യ. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഈ കുടുംബത്തിന്റെ വീട്ടിലാണ് യുവാവ് വാടകക്കാരനായി താമസിച്ചിരുന്നത്.

മുറിയില്‍ വിരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും വീട്ടുകാര്‍ യുവാവിനെ പലപ്പോഴും വിലക്കിയിരുന്നു. ഇതിനുള്ള പ്രതികാരമായാണ് യുവാവ് ഇവരുടെ പിഞ്ചു ബാലനെ കൊലപ്പെടുത്തിയത്.

അടുത്തിടെ സാക്യ അയല്‍പക്കത്ത് തന്നെയുള്ള വേറൊരു വാടകമുറിയിലേക്ക് താമസം മാറിയിരുന്നു. എന്നാലും ഇടയ്ക്കിടെ പഴയ വീട്ടുടമസ്ഥരെ കാണുവാന്‍ ഇവിടേക്ക് വരാറുമുണ്ടായിരുന്നു.കുട്ടിയും അവദേഷുമായി നല്ല ബന്ധമായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. കുട്ടിയെ കാണാതായതിന് ശേഷവും പൊലീസിനെ വിവരം അറിയിക്കുന്നതിലും തുടര്‍ന്നുള്ള അന്വേഷണങ്ങളിലും സാക്യ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഇതു കാരണം വീട്ടുകാര്‍ക്കും യുവാവില്‍ യാതോരു വിധത്തിലുള്ള സംശയവും ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ അവദേഷിന്റെ മുറിയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതില്‍ വീട്ടുകാരും ഞെട്ടലിലാണ്. സ്യൂട്ട് കേസിനുള്ളിലാക്കി മുറിയിലെ ഒരു മൂലയ്ക്കാണ് യുവാവ് മൃതദേഹം ഒളിപ്പിച്ച് വെച്ചിരുന്നത്.

മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ട്. സ്ഥലത്ത് പൊലീസ് പരിശോധനകള്‍ നടത്തുന്നത് കാരണം ഇയാള്‍ക്ക് മൃതദേഹം ഒളിപ്പിക്കുവാന്‍ സമയം കിട്ടിയില്ല എന്നാണ് കരുതപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here